മണിപ്പുരിനും മുനന്പത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിസിഐ സമ്മേളനം
Monday, November 18, 2024 6:23 AM IST
പാലാ: മണിപ്പുര്‍ , മുനമ്പം ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാലാ അല്ഫോന്സിയന് പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന സിസിഐ സമ്മേളനം സമാപിച്ചു. മുനമ്പത്തെയും മണിപ്പുരിനെയും വളരെ ഗൗരവതരമായി സമീപിക്കേണ്ടിരിക്കുന്നുവെന്ന് കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ സമ്മേളനം വിലയിരുത്തി. സമാപന ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായി .
ഇപ്പോഴത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ നമ്മുടെ സമുദായത്തെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ശക്തമായ സമുദായം കെട്ടിപ്പടുക്കണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു. ഉള്ളില്‍നിന്നുതന്നെ ചില കേന്ദ്രങ്ങളില്‍ നിന്നും ഇതിനെ ശിഥിലപ്പെടുത്തുന്ന പ്രവണത കണ്ടുവരുന്നു. ജനസംഖ്യയില്‍ വരുന്ന കുറവ് നമ്മുടെ സമുദായം നേരിടുന്നുണ്ട്. സമുദായത്തിലെ അംഗങ്ങള്‍ ജനപ്രതിനിധികളാകാന്‍ മത്സരിക്കുമ്പോള്‍ ഇവര്‍ക്ക് വേണ്ടത്ര പിന്തുണ സമുദായം ഉറപ്പുവരുത്തണമെന്നും പൊതുസമൂ ഹത്തിന് നല്കുന്ന വിലപ്പെട്ട സേവനങ്ങള്‍ക്കൊപ്പം സമുദായത്തിനും ശക്തമായ പിന്തുണ നല്കാന് അല്മായര്ക്ക് സാധിക്കണമെന്നും മാർ തോമസ് തറയിൽ പറഞ്ഞു.സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അന്തിമപ്രസ്താവനയുടെ അവതരണം നടത്തി.
സിസിഐ വൈസ് പ്രസിഡന്റുമാരായ ആന്റൂസ് ആന്റണി, ക്ലാര ഫെര്‍ണാണ്ടസ്, സിസിഐ സെക്രട്ടറി ഫാ. എ.ഇ. രാജു അലക്സ്, സിആര്‍ഐ ദേശീയ സെക്രട്ടറി സിസ്റ്റര്‍ എല്‍സ മുട്ടത്ത്, സിബിസിഐ ലെയ്റ്റി കമ്മീഷന് സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍, സാബു ഡി. മാത്യു, സിസിഐ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് അംഗം മോണ്‍. ജോളി വടക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ അല്മായരുടെ പങ്ക് എന്ന വിഷയത്തക്കുറിച്ചായിരുന്നു കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ ബോഡിയുടെ പ്രധാന ചര്‍ച്ചാവിഷയം. സിനഡ് ഓഫ് സിനഡാലിറ്റിയുടെ വെളിച്ചത്തില്‍ അല്മായരുടെ നിര്‍ണായകമായ ദൗത്യത്തെ, പ്രത്യേകിച്ച് മിഷന് രംഗത്തെ പ്രവര്‍ത്തനങ്ങളെ സിസിഐ എടുത്തുപറഞ്ഞു. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 200 പ്രതിനിധികള്‍ പങ്കെടുത്തു.
ഭരണഘടനാപരമായ മൂല്യങ്ങള്‍ പ്രചരിപ്പിക്കല്‍, വിശ്വാസികളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍, മീഡിയായും നിയമപരമായ പിന്തുണയും ശക്തിപ്പെടുത്തല്‍, ഭരണഘടനാപരമായ വകാശങ്ങള്‍, ദളിത് ക്രിസ്ത്യാനികളുടെ നിയമസുരക്ഷ, ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്കകള്‍, സൃഷ്ടിയുടെ സംരക്ഷണം എന്നിവയായിരുന്നു സമ്മേളനത്തിലെ പ്രധാനപ്പെട്ട ആശയങ്ങള്‍.