ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി സംഘപരിവാർ; കേസെടുക്കാൻ സർക്കാരിനു മടി: പ്രതിപക്ഷ നേതാവ്
Monday, November 18, 2024 6:23 AM IST
കൊച്ചി: സംസ്ഥാനത്ത് ഭിന്നിപ്പിന്റെ രാഷ്ട്രീയം വിളമ്പുന്നവര്ക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ദൗര്‍ഭാഗ്യകരമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സഹായത്തോടെയാണു സംസ്ഥാനത്ത് സംഘപരിവാര്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമം നടത്തുന്നത്. ഇതിനെ യുഡിഎഫ് ചെറുത്തുതോല്‍പ്പിക്കും. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ യുഡിഎഫ് നേതാക്കള്‍ കേരളത്തിലെ വിവിധ സമുദായനേതാക്കളെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.
മണിപ്പുരില്‍ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ നടത്തുന്നവരെ കേന്ദ്രവും മണിപ്പുർ സര്‍ക്കാരും സംരക്ഷിക്കുകയാണ്. അക്രമകാരികളുടെ വക്താക്കളാണു കേരളത്തില്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെപ്പോലെ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിച്ചു മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്ന ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ബിജെപിക്കാര്‍ക്ക് ഉണ്ടായതിനേക്കാള്‍ വലിയ അസ്വസ്ഥതയാണു സിപിഎമ്മിന്. ഈ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസ്വസ്ഥത. സന്ദീപ് വാര്യർ കോൺഗ്രസ് പാർട്ടിയുടെ മുന്നിൽത്തന്നെയുണ്ടാകുമെന്നും വെറുപ്പിന്റെയും ദുര്‍ഭരണത്തിന്റെയും ജീര്‍ണതയുടെയും രാഷ്ട്രീയം വിട്ട് ഇനിയും ഒരുപാടു പേര് വരുമെന്നും സതീശൻ പറഞ്ഞു.
നയം വ്യക്തമാക്കി കെ. മുരളീധരൻ
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ എതിര്‍ത്തതെന്തിനെന്ന് വ്യക്തമാക്കി കെ. മുരളീധരന്. ഗാന്ധിവധത്തെ ന്യായീകരിച്ചതും രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചതുമാണ് എതിര്‍പ്പിനു കാരണമായതെന്ന് മുരളീധരന് പറഞ്ഞു.
കഴിഞ്ഞദിവസം സന്ദീപ് വാര്യര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേ നടത്തിയത് രാഷ്ട്രീയമായ വിമര്‍ശനമാണ്. അത് നൂറു ശതമാനവും ശരിയാണെന്നാണ് തന്റെ നിലപാട്. എന്നാല്‍ അദ്ദേഹം രാഹുല്‍ഗാന്ധിക്കെതിരേ നടത്തിയത് വ്യക്തിപരമായ വിമര്‍ശനമാണ്. അതിനോടാണ് താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പാര്‍ട്ടി സ്വീകരിക്കാന്‍ തീരുമാനിച്ചതോടെ ഇന്നലെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസുകാരനായി. പാണക്കാട് തങ്ങളെ കണ്ടതോടെ യുഡിഎഫുകാരനുമായി.
ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍നിന്ന് മറ്റൊന്നിലേക്ക് പോകുന്നത് ജനാധിപത്യത്തില്‍ പതിവുള്ളതാണ്. അതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. നാളെ സുരേഷ് ഗോപിയോ രാജീവ് ചന്ദ്രശേഖറോ ജോര്‍ജ് കുര്യനോ കോണ്‍ഗ്രസിലേക്ക് വന്നാലും സ്വാഗതം ചെയ്യും.
സന്ദീപ് വാര്യരുടെ വരവ് ടിവിയിലൂടെയാണ് അറിഞ്ഞത്. അതിന്റെ ആവശ്യമല്ലേ ഉള്ളൂ. സന്ദീപ് വാര്യര്‍ വന്നില്ലായിരുന്നെങ്കിലും പാലക്കാട്ട് കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.