ശാസ്ത്ര വിസ്മയത്സോവം; ഈ വീലിലേറാം, അപകടം കുറയ്ക്കാം...
Monday, November 18, 2024 6:39 AM IST
ആലപ്പുഴ: ഓടിക്കൊണ്ടിരിക്കുന്നവാഹനം തീപിടിക്കുകയോ, വെള്ളത്തില്‍ വീഴുകയോ ചെയ്ത് വാഹനത്തിനുള്ളിൽ ആളുകള്‍ അതില്‍ കുടുങ്ങി നിരവധി അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം അപകടങ്ങളില്‍ പെട്ടവരെ സഹായിക്കാനായി ഗാര്‍ഡ് ഓണ്‍ വീല്‍സ് എന്ന ഉപകരണവുമായാണ് തൃശൂര്‍ എല്‍തുരുത്ത് സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.എന്‍. സോനു, പി.ജെ. ശ്രേയസ് എന്നിവര്‍ ശാസ്ത്രമേളയിലെത്തിയത്.
ഇവരുടെ ഉപകരണം ഉപയോഗിച്ചാല്‍ അപകടം ഉണ്ടാകുമ്പോള്‍ സീറ്റ് ബെല്‍റ്റ് ലോക്ക് തുറക്കപ്പെടും. ഡോര്‍ അടഞ്ഞ് ഡ്രൈവര്‍ ഉറങ്ങിപ്പോകുമ്പോഴും കുട്ടികള്‍ വാഹനത്തില്‍ കുടുങ്ങുമ്പോഴും അതില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിറഞ്ഞ് ശ്വാസം കിട്ടാനാവാത്ത സ്ഥിതിയുണ്ടാകും. ഇങ്ങനെയുള്ളപ്പോൾ വാഹനത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഉപകരണം പ്രവര്‍ത്തിക്കാന്‍ തുടങ്ങും.
തുടര്‍ന്ന് ഓക്സിജന്‍ ഡിസ്ചാര്‍ജ് ചെയ്യുന്ന ഉപകരണത്തിലൂടെ ഓക്സിജന്‍ പുറത്തുവരുന്നു. വാഹനത്തില്‍നിന്നും അലാറം മുഴങ്ങുകയും വീട്ടുടമയുടെ ഫോണില്‍ അലര്‍ട്ട് ലഭിക്കുകയും ചെയ്യും. ഇതൊടൊപ്പം ഷോര്‍ട് സര്‍ക്യൂട്ട് പ്രൊട്ടക്ഷനും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് ഇട്ടാല്‍ മാത്രമേ എന്ജിന് ഓഫ് ചെയ്യാന്‍ കഴിയൂവെന്ന ഓപ്ഷനുമുണ്ട്.
ഹാ... പൊളി ത്രില്ലടിപ്പിച്ച് ഗഗന്യാന്
ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്ക് ഒരു ത്രില്ലര്‍ സിനിമ കാണുന്ന ആവേശമായിരുന്നു ഗഗന്യാന് പ്രോജക്ട് ഡയറക്ടര്‍ ഡോ. എം. മോഹന്‍ ഗഗന്യാന് നിര്‍മാണവും ലോഞ്ചിംഗും ലാന്‍ഡിംഗുമൊക്കെ അനിമേഷന്‍ വീഡിയോയിലൂടെ ശാസ്ത്ര സംവാദ സദസിലെ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച ശാസ്ത്രസംവാദത്തിന്റെ രണ്ടാം ദിനം ഇന്ത്യയുടെ അഭിമാനമായ മനുഷ്യ ബഹിരാകാശ യാത്രാപദ്ധതിയായ ഗഗന്യാന്, ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങള്‍, റോക്കറ്റ് വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങള്‍, ഉപഗ്രഹങ്ങളുടെ ഉപയോഗം തുടങ്ങി ഒട്ടേറെ ബഹിരാകാശ അറിവുകളാണ് വീഡിയോ സഹായത്തോടെ ലളിതമായി ഡോ. എം. മോഹന്‍ വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചുകൊടുത്തത്.
കുട്ടികളെയും രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയുംകൊണ്ട് നിറഞ്ഞ സെന്റ് ജോസഫ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈജ്ഞാനിക മേഖലയില്‍ കേരളത്തിന്റെ സാധ്യതകള്‍ എന്ന വിഷയത്തിലാണ് ആലപ്പുഴക്കാരന് കൂടിയായ ഡോ. മോഹന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത്.
ഡോക്ടര്‍, എന്‍ജിനിയര്‍ തൊഴില്‍ മേഖലകളില്‍ മാത്രമായി കരിയര്‍ അന്വേഷണം ഒതുക്കാതെ ആധുനിക കാലഘട്ടത്തില്‍ അനന്തമായ തൊഴില്‍സാധ്യതകളുള്ള പുതിയ മേഖലകളിലേക്ക് അഭിരുചിക്കനുസരിച്ച് ഇറങ്ങിച്ചെല്ലണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. ടൂറിസം, ഐടി, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍സ്, റിന്യൂവബിള്‍ എനര്‍ജി എന്നിവ കൂടാതെ ആരോഗ്യ രംഗത്തെ നിര്‍മിതബുദ്ധിയുടെ ഉപയോഗമടക്കം മേഖലകളില്‍ നിരവധി തൊഴിലവസരങ്ങള്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ ഹൈസ്കൂള്‍ കാലഘട്ടത്തില്‍തന്നെ കരിയര്‍ മേഖല തെരഞ്ഞെടുക്കണമെന്നും അതിനായി രക്ഷാകര്‍ത്താക്കളും അധ്യാപകരും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ബഹിരകാശ സഞ്ചാരികളുടെ ആരോഗ്യത്തെക്കുറിച്ചും കുട്ടികളില്‍നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. ബഹിരാകാശ യാത്രികരെ സുരക്ഷിതരായി കൊണ്ടുപോയി തിരികെ എത്തിക്കുക എന്നതാണ് ഗഗയാന്‍ പദ്ധതിയുടെ പ്രധാന ദൗത്യമെന്നും ആരോഗ്യസുരക്ഷക്ക് കൃത്യമായ തയാറെടുപ്പുകള്‍ ഉണ്ടെന്നും ഡോ. എം. മോഹന്‍ വിശദീകരിച്ചു. ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന് 2035ൽ കമ്മീഷന് ചെയ്യാനാവുമെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
യുദ്ധക്കപ്പല്‍ മുതല്‍ ഈഫല്‍ ടവര്‍ വരെ...
ആലപ്പുഴ: ശാസ്ത്രമേളയുടെ ഭാഗമായി ലജനത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ നടന്ന തത്സമയ നിര്‍മാണ മത്സരങ്ങളില്‍ നേവിയുടെ യുദ്ധക്കപ്പല്‍, ഈഫല്‍ ടവര്‍ തുടങ്ങി കപ്പല്‍, ടവറുകള്‍, കൊട്ടാരങ്ങള്‍, താജ്മഹല്‍ തുടങ്ങിയവ അണിനിരന്നു. യുദ്ധക്കപ്പലായ ഐഎന്‍എസ് ഷിവാലിക് ആണ് ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സെന്റ് ജോസഫ് എച്ച്എസ്എസിലെ അനുഭ മെരിയ ബിജു ഗണിതശാസ്ത്രമേളയില് പ്രദര്‍ശിപ്പിച്ചത്.
പാരീസില്‍ സ്ഥിതിചെയ്യുന്ന ഇരമ്പുഗോപുരമായ ഈഫല്‍ ഗോപുരം രണ്ടരമണിക്കൂര്‍കൊണ്ട് നിര്‍മിച്ചിരിക്കുകയാണ് കോന്നി ജിഎച്ച്എസ്എസിലെ പി.വി. ആദിത്യ. 300 മീറ്റര്‍ ഉയരത്തിലുള്ള ഈഫല്‍ ഗോപുരം ആദിത്യ 156 സെന്റിമീറ്ററായി ചുരുക്കിയിരിക്കുകയാണ്. ഇതിനായി ടവറിന്റെ ഒരു മീറ്റര്‍ ഉയരത്തെ 0.5 സെന്റിമീറ്ററായി കണക്കാക്കിയാണ് നിര്‍മാണം. ഫോം ഷീറ്റ് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
മനസിടിയേണ്ട, മണ്ണിടിയുന്നതറിയാം
ആലപ്പുഴ: മലമ്പ്രദേശത്തെ മണ്ണിടിച്ചില്‍ മുന്‍കൂട്ടി അറിയിച്ച് ജനങ്ങളെ ജാഗരൂകരാക്കുന്ന ഉപകരണം-ലാന്‍ഡ്സ്ലൈഡ് ഏര്‍ലി വാര്‍ണിംഗ് സിസ്റ്റവുമായാണ് വയനാട് പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നോയല്‍ എല്‍ദോയും അഭിറാം ചേളൂരും ശാസ്ത്രമേളയിലെത്തിയത്.
മണ്ണിന്റെ ഈര്‍പ്പം കൂടുമ്പോള്‍ തന്നെ ആ വിവരം ജില്ലാ ദുരിതനിവാരണകേന്ദ്രത്തില് അറിയിക്കുകയും അതുവഴി ജനങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനും കഴിയും. അതോടൊപ്പം സെന്‍സറിലൂടെ പാറയിലുണ്ടാകുന്ന വ്യത്യാസം തിരിച്ചറിയുകയും ഉരുള്‍പൊട്ടലിനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് വിവരം ദുരിതനിവാരണകേന്ദ്രത്തില് എത്തിക്കുകയും ചെയ്യും. ഇതിനായി ഗ്ലോബ് എന്നപേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷനും നിര്‍മിച്ചിട്ടുണ്ട്. അനലോഗ് സിഗ്നല്‍വഴി പ്രവര്‍ത്തിക്കുന്നതിനാല്‍ വിവരം തടസപ്പെടാനുള്ള സാധ്യത കുറവാണെന്നും അവകാശപ്പെടുന്നു.
ഈ ബോട്ട്, കുഴികുത്തും വെള്ളമൊഴിക്കും
ആലപ്പുഴ: കര്‍ഷകനെ സഹായിക്കാനും ജോലിഭാരം കുറക്കാനും ഇനി മള്‍ട്ടി ഫാം ബോട്ട് കൂടെയുണ്ടാകും. കൃഷിസ്ഥലത്ത് കുഴിയെടുക്കാനും വിളകള്‍ നടാനും വെള്ളം ഒഴിക്കാനും കുഴിമൂടാനും ഇത് ഉപകരിക്കുമെന്ന് തിരുവനന്തപുരം അരുവിക്കര ജിഎച്ച്എസ്എസില്‍ നിന്നുമെത്തിയ സിജോ ചന്ദ്രന് സമര്‍ഥിക്കുന്നു.
മനുഷ്യന് ചെയ്യുന്നതിനേക്കാള്‍ വളരെ കൃത്യമായി ചെയ്യുമെന്നതാണ് മള്ട്ടിഫാം ബോട്ടിന്റെ പ്രത്യേകത. കുഴിയുടെ അളവെല്ലാം കൃത്യമായിരിക്കുമെന്നതാണ് ഇതിന്റെ ഗുണം. ഒരേ അളവിലും ദൂരവ്യത്യാസത്തിലും മള്‍ട്ടി ഫാം ബോട്ട് കൃത്യമായിരിക്കുമെന്നും സിജോ ചന്ദ്രന് പറയുന്നു.
മലിനജലം ഞൊടിയിടയില്‍ ശുദ്ധീകരിക്കും...
ആലപ്പുഴ: അഴുക്കും മാലിന്യവും നിറഞ്ഞ ജലം ഞൊടിയിടയില്‍ ശുദ്ധീകരിച്ച് അത്ഭുതപ്പെടുത്തുകയാണ് കോഴിക്കോട് തുറയൂര്‍ ബിടിഎം എച്ച്എസ്എസിലെ ആമില്‍ ഷെഹാമും സന ഫാത്തിമയും. വാട്ടര്‍ റീസൈക്കിളിംഗ് സിസ്റ്റം അറ്റ് ഹോം എന്നാണ് ഈ സിസ്റ്റത്തിന് പേര്.
അഴുക്കുവെള്ളം പ്രോസസ് ചെയ്ത് ശുദ്ധജലമാക്കിയപ്പോള് ഇത് കുടിക്കാന്‍ കഴിയുമോയെന്ന ജഡ്ജസിന്റെ ചോദ്യത്തിന് കുടിച്ചു കാണിച്ചുകൊടുത്തു മത്സരാര്‍ഥികള്‍. ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചപ്പോള്‍ പിഎച്ച് 7 എന്ന് മീറ്ററില്‍ തെളിഞ്ഞുവന്നതും കാണിച്ചു. അഴുക്കുജലം വിവിധ തരത്തില്‍ പ്രോസസ് ചെയ്ത് ഇതില്‍ ഇവര്‍ തന്നെ നിര്‍മിച്ച ഹെര്‍ബര്‍ സൊല്യൂഷന് എന്ന വസ്തു കൂട്ടിച്ചേര്‍ത്താണ് ശുദ്ധീകരിക്കുന്നത്.
ശാസ്ത്രോത്സവം ഇന്ന് സമാപിക്കും
ആലപ്പുഴ: 56ാമത് സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം ഇന്നു സമാപിക്കും. 15ന് ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് എച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്ത ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം നാലാംദിനമായ തിങ്കളാഴ്ച വൈകിട്ട് നാലിന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശാസ്ത്രമേള നഗരത്തിലെ നാലുവേദികളിലാണ് നടക്കുന്നത്.
സെന്റ് ജോസഫ്സ് ഗേള്‍സ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനസമ്മേളനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.
സംസ്കാരിക മന്ത്രി സജി ചെറിയാന് ശാസ്ത്രമേള സമ്മാനദാനം നിര്‍വഹിക്കും.
എംഎല്‍എമാരായ പി പി ചിത്തരഞ്ജന് സാമൂഹ്യശാസ്ത്രമേള സമ്മാനദാനവും എച്ച് സലാം ഐടിമേള സമ്മാനദാനവും നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പ്രവൃത്തിപരിചയമേള സമ്മാനവും നഗരസഭ അധ്യക്ഷ കെ കെ ജയമ്മ വൊക്കേഷണല്‍ എക്സ്പോ സമ്മാനവും വിതരണം ചെയ്യും. സുവനീര്‍ പ്രകാശനം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍വഹിക്കും.
ശാസ്ത്രോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും ശാസ്ത്രമേള ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി എ സന്തോഷ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ്, നഗരസഭ വൈസ് ചെയര്മാന് പി എസ് മുഹമ്മദ് ഹുസൈന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ എസ് ശ്രീലത, മറ്റ് ജനപ്രതിനിധികള്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.