വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ വൻ തിരക്ക്
Sunday, November 17, 2024 1:53 AM IST
ശബരിമല: വൃശ്ചികപ്പുലരിയില്‍ ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ദര്‍ശനം കാത്ത് ഭക്തരുടെ നീണ്ട നിര.
പുതുതായി ചുമതലയേറ്റ മേല്‍ശാന്തിമാരായ അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല ക്ഷേത്രനടയും വാസുദേവന്‍ നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടയും തുറന്നു. നിര്‍മാല്യദര്‍ശനം തൊഴുത് അയ്യപ്പപൂജകള്‍ സമര്‍പ്പിക്കാനെത്തിയവര്‍ ശരണം വിളികളോടെ അപ്പോഴേക്കും ശ്രീകോവിലിനു മുമ്പിലേക്ക് ഒഴുകി.
നെയ്യഭിഷേകം ഉൾപ്പെടെ ശബരിമലയുമായി ബന്ധപ്പെട്ട വിശേഷാൽപൂജകൾ സമർപ്പിക്കാനും അയ്യപ്പഭക്തരുടെ തിരക്കുണ്ടായി. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നട തുറന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ തുടങ്ങിയവരും രാവിലെ ദർശനത്തിന് എത്തിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിലും പുലർച്ചെ മൂന്നിനു തുറക്കുന്ന നട ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. ഉച്ചകഴിഞ്ഞു മൂന്നിനു തുറന്ന് രാത്രി 11ന് ഹരിവരാസനം പാടി അടയ്ക്കും. മൂന്നു മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് വൈകുന്നേരം മൂന്നിന് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് അടയ്ക്കുകയും ചെയ്യും.
നട തുറന്ന ദിവസങ്ങളില്‍ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഏറെക്കുറെ എല്ലാ ദിവസവും പൂര്‍ത്തിയായി. തത്സമയ ബുക്കിംഗിലൂടെ അയ്യപ്പഭക്തരെ കടത്തിവിടുന്നുണ്ട്. പമ്പ, വണ്ടിപ്പെരിയാര്‍, എരുമേലി എന്നിവിടങ്ങളിലാണ് ഇതിനുള്ള സൗകര്യം. വെര്‍ച്വല്‍ ക്യൂവിലൂടെ പ്രതിദിനം 70,000 പേര്‍ക്കും തത്സമയ ബുക്കിംഗിലൂടെ 10,000 പേര്‍ക്കുമാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ആധാര്‍ കാര്‍ഡിന്റെ കോപ്പി ഉപയോഗിച്ച് തത്സമയ ബുക്കിംഗ് നടത്താം.
നട തുറന്നശേഷം ഇന്നലെ വൈകുന്നേരം അഞ്ചുവരെ 83249 അയ്യപ്പഭക്തരാണ് ദർശനത്തിനെത്തിയത്. മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം പേർ ദർശനം നടത്തുന്നുണ്ട്.