റെയിൽവെ 40,000 കോച്ചുകളിൽഎഐ കാമറകൾ സ്ഥാപിക്കുന്നു
Sunday, November 17, 2024 1:52 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ 40,000 കോച്ചുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കാമറകൾ സ്ഥാപിക്കുന്നു. ഇതു കൂടാതെ 14, 000 എൻജിനുകളിലും 6,000 ഇലക്ടിക് മൾട്ടിപ്പിൾ യൂണിറ്റുകളിലും (ഇഎംയു) സമാനമായ കാമറകൾ സ്ഥാപിക്കും. ഇതിനായി 15,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിക്കഴിഞ്ഞു.
കോച്ചുകളിൽ ഒരെണ്ണത്തിൽ ആറ് വീതം ആകെ 2.5 ലക്ഷം കാമറകളും എൻജിനുകളിൽ ഒന്നിൽ നാല് വീതം 56,000 കാമറകളും ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റുകളിൽ ഒന്നിൽ നാല് വീതം 24, 000 കാമറകളുമാണ് സ്ഥാപിക്കുന്നത്.
12 മാസത്തിനുള്ളിൽ തന്നെ ഇവ പൂർണമായും സ്ഥാപിക്കും. ഉന്നത നിലവാരമുള്ള എഐ കാമറകൾ മികച്ച സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ റെയിൽവേ ഇതിനകം ആരംഭിച്ച് കഴിഞ്ഞു.
ട്രെയിനുകളുടെ പാളം തെറ്റലും അട്ടിമറി ശ്രമങ്ങളും വർധിച്ച് വരുന്ന സാഹചര്യത്തിലാണ് റെയിൽവേ ബോർഡ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ഒപ്പം യാത്രക്കാരുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പ് വരുത്താനും ഇതു വഴി സാധിക്കും.
ട്രാക്കുകളിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തുന്നതിനും ഡ്രൈവർമാർക്ക് അപകട സൂചനകൾ നേരത്തേ തന്നെ ലഭ്യമാകുന്നതിനും എഐ കാമറകൾ ഏറെ ഉപകരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.