നാടകസംഘം അപകടത്തിൽപ്പെട്ടു; രണ്ടു നടിമാർ മരിച്ചു
Saturday, November 16, 2024 1:50 AM IST
കൊട്ടിയൂർ: കേളകം മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനിബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു.
കായംകുളം ദേവ കമ്യൂണിക്കേഷൻ നാടകട്രൂപ്പിലെ നടിമാരായ കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ(57) എന്നിവരാണു മരിച്ചത്.
കൊട്ടാരക്കര സ്വദേശി വിജയകുമാർ(52), മുഹമ്മ സ്വദേശി അജി എന്ന സജിമോൻ, കൊല്ലം പാരിപ്പള്ളി സ്വദേശി ശ്യാം (38), മുതുകുളം സ്വദേശികളായ ഉണ്ണി (51), ഷിബു (48), അതിരുങ്കൽ സ്വദേശി സുഭാഷ് (59), കല്ലുവാതുക്കൽ ചെല്ലപ്പൻ (43), എറണാകുളം സ്വദേശിനി ബിന്ദു സുരേഷ്(56), ചേർത്തല മറ്റവന സ്വദേശി സാബു, കൊല്ലം പന്മന സ്വദേശികളായ അജയകുമാർ, സുരേഷ്കുമാർ, മിനി ബസിന്റെ ഡ്രൈവർ കായംകുളം സ്വദേശി ഉമേഷ്(39) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. കടന്നപ്പള്ളിയിൽ നടന്ന നാടകോത്സവത്തിൽ പങ്കെടുത്തശേഷം ബത്തേരിയിൽ ഇന്നു നടക്കാനിരുന്ന നാടകോത്സവത്തിൽ പങ്കെടുക്കാൻ പോകുംവഴിയാണ് അപകടം. 14 പേരാണു നാടകസംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഒന്പതു പേരിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.
നെടുംപൊയിൽ ചുരം റോഡ് അടച്ചിട്ടിരിക്കുന്ന വിവരമറിയാതെ പേര്യ ചുരത്തിൽ എത്തിയപ്പോഴാണു വഴി ബ്ലോക്കാണെന്നറിഞ്ഞത്. തുടർന്ന് മലയാംപടിയിലെത്തിയപ്പോൾ കുത്തനെയിറക്കത്തിൽ എസ് വളവിൽ മിനിബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്കു മറിയുകയായിരുന്നു.