പുസ്തകവിവാദത്തിനു പിന്നില്‍ മുഖ്യമന്ത്രിയും പി. ശശിയും: പി.വി. അന്‍വര്‍
Sunday, November 17, 2024 1:52 AM IST
മഞ്ചേരി: ഇ.പി. ജയരാജന്റെ പുസ്തക വിവാദത്തിനു പിന്നില്‍ മുഖ്യമന്ത്രിയും പി. ശശിയുമാണെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ഇപിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനുള്ള നീക്കമാണു നടക്കുന്നതെന്നും മഞ്ചേരിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അന്‍വര്‍ പറഞ്ഞു.
അന്‍വറിനു പിന്നില്‍ അധോലോകസംഘമുണ്ടെന്ന പി. ശശിയുടെ പ്രതികരണവും കോടതിയില്‍ ക്രിമിനല്‍ അപകീര്‍ത്തി ഹർജി ഫയല്‍ ചെയ്തതിനും പിന്നാലെയാണ് അന്‍വര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനാണ് ഇപിയുടെ സ്റ്റോറി ഉണ്ടാക്കിയത്. എന്തുകൊണ്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഡിസി ബുക്സ് മിണ്ടാത്തതെന്ന് അന്‍വര്‍ ചോദിച്ചു. ഓര്‍ഗനൈസ്ഡ് ക്രൈം ആണ് ഇപിയുടെ പുസ്തക വിവാദം. പി. ശശിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് ഇതിനു പിന്നില്‍.
എല്ലാം റിയാസിനെ മുഖ്യമന്ത്രിയാക്കാന്വേണ്ടിയാണ്. ഭയം മൂലമാണ് ഡിസി ബുക്സ് വായ് തുറക്കാത്തത്. പി. ശശി ഡിസി ബുക്സിനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇ.പി. ജയരാജന് വിവാദവുമായി ബന്ധപ്പെട്ട് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും അൻവർ പറഞ്ഞു.