ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ അക്രമം
Sunday, November 17, 2024 1:53 AM IST
കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെത്തുടർന്ന് കോഴിക്കോട്ട് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്.
രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാര്‍, എം.കെ. രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ വിമത വിഭാഗം സിപിഎം പിന്തുണയോടെ മത്സരിച്ചതിനെത്തുടര്‍ന്ന് വലിയ രീതിയിലുള്ള സംഘര്‍ഷമാണ് കോഴിക്കോട്ടുണ്ടായത്.
വോട്ട് ചെയ്യാനെത്തിയവരെ കല്ലെറിഞ്ഞോടിക്കുന്ന അവസ്ഥ വരെയുണ്ടായി. കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
5,000 കള്ളവോട്ട് സിപിഎം ചെയ്തെന്നും പതിനായിരത്തിലധികം കോൺഗ്രസ് വോട്ടർമാരെ വോട്ടിംഗ് കേന്ദ്രത്തിലേക്ക് അടുപ്പിച്ചില്ലെന്നും നേതാക്കള്‍ ആരോപിച്ചു. സിപിഎം പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്ന സമയത്ത് പോലീസ് കമ്മീഷണറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്നും പോലീസും സിപിഎമ്മും അറിഞ്ഞുകൊണ്ടുള്ള അക്രമമാണ് നടന്നതെന്നുമാണ് കോ ൺഗ്രസ് നേതാക്കളുടെ ആരോപണം.
സംഭവത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കോഴിക്കോട് കുതിരവട്ടം റോഡിലെ പറയഞ്ചേരി സ്കൂളില്‍ രാവിലെ എട്ടുമുതലാണ് വോട്ടെടുപ്പ് നടന്നത്. കള്ളവോട്ട് നടന്നെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്നാണ് രാവിലെ 11 ഓടെ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.
സംഘര്‍ഷം സ്കൂളും കടന്ന് റോഡിലേക്ക് നീങ്ങിയതോടെ പോലീസ് എത്തിയെങ്കിലും പ്രവര്‍ത്തകരെ നിയന്ത്രിക്കാനായില്ല. 23 ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ എല്ലാബൂത്തില്നിന്നും കള്ളവോട്ട് പരാതി ഉയരുന്ന അവസ്ഥയായിരുന്നു. ഉച്ചകഴിഞ്ഞു മൂന്നോടെയാണ് സംഘര്‍ഷത്തിന് അല്‍ പമെങ്കിലും അയവു വന്നത്.