സന്ദീപിനെയും സരിനെയും താരതമ്യം ചെയ്യാനാകില്ല: രാഹുൽ മാങ്കൂട്ടത്തിൽ
Sunday, November 17, 2024 1:53 AM IST
പാലക്കാട്: സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേർന്നതിനെയും പി. സരിൻ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നതിനെയും താരതമ്യം ചെയ്യാനാവില്ലെന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ആളുകൾ വർഗീയനിലപാട് തിരുത്തി മതേതരചേരിയിലേക്കു വരുന്പോൾ അതു സ്വാഗതം ചെയ്യുകയാണു വേണ്ടത്.
പാലക്കാട്ട് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. വർഗീയമായി ചിന്തിക്കുന്ന ആരുടെയും വോട്ടു വേണ്ട എന്നതാണ് യുഡിഎഫിന്റെ നിലപാട്. വർഗീയത ഉപേക്ഷിച്ച് ഒരു വ്യക്തി മതേതരചേരിയിലേക്കു വരുന്നതു സന്തോഷമാണ്.
ബിജെപിക്കകത്തുള്ള ആശയപരമായ പ്രശ്നങ്ങൾമൂലമാണ് സന്ദീപ് പാർട്ടിവിട്ടത്. സരിൻ കോണ്‍ഗ്രസ് വിട്ട് സിപിഎം സ്ഥാനാർഥിയായതിനെ അതുമായി താരതമ്യം ചെയ്യാനാവില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കലല്ല സന്ദീപിന്റെ ലക്ഷ്യം.
സന്ദീപ് വാര്യർ കോണ്‍ഗ്രസിലേക്ക് എത്തിയതിനെ ഏറ്റവും കൂടുതൽ വിമർശിക്കുന്നതു സിപിഎം ആണ്. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന മന്ത്രി എം.ബി. രാജേഷ് സ്വയം പരിഹാസ്യനാവുകയാണ്. സന്ദീപ് വാര്യർ ബിജെപി വിട്ട് മതേതരപാർട്ടിയിൽ ചേർന്നതിൽ സിപിഎമ്മിന് എന്താണു പ്രശ്നമെന്നും രാഹുൽ ചോദിച്ചു.
സന്ദീപ് വാര്യർ മികച്ച പൊതുപ്രവർത്തകനാണെന്ന് ആദ്യം പറഞ്ഞതു സിപിഎം നേതാവ് എ.കെ. ബാലനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും തമ്മിൽ വ്യത്യാസമില്ല: എം.വി. ഗോവിന്ദൻ
പാലക്കാട്: ബിജെപിയും കോണ്‍ഗ്രസും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തികളല്ല, നയമാണ് പ്രധാനം. സന്ദീപ് കുറച്ചുകാലമായി ബിജെപിയുമായി തെറ്റിയതാണ്. കോണ്‍ഗ്രസും സിപിഐയും സിപിഎമ്മുമായും ചർച്ച നടത്തിയെന്നാണല്ലോ പറയുന്നത്.
ഒരാൾ നിലപാടു മാറി ഇടതുപക്ഷത്തിനൊപ്പം ചേരുന്നതിനെ സ്വാഗതംചെയ്യുന്നു. എന്നാൽ നിലപാടനുസരിച്ചേ സ്വീകരിക്കൂ. ചർച്ച നടത്തിയാൽതന്നെ നിലപാടു മാറ്റുമോ എന്നതാണ് കാര്യം. യുഡിഎഫ് തോറ്റു തുന്നംപാടും. സന്ദീപല്ല ആരു വന്നാലും കോണ്‍ഗ്രസ് ജയിക്കില്ല. കോണ്‍ഗ്രസിനകത്ത് നല്ല എതിർപ്പുണ്ടാകുമെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
ബിജെപി-കോൺഗ്രസ് ഡീൽ വ്യക്തമായെന്ന് ഇ.പി. ജയരാജൻ
കണ്ണൂർ: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തോടെ ബിജെപി-കോൺഗ്രസ് ഡീൽ കൂടുതൽ വ്യക്തമായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി യുഡിഎഫ് സ്ഥാനാർഥി എപ്പോൾ ബിജെപിയിൽ ചേരുമെന്ന് നോക്കിയാൽ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വിജയം ഉറപ്പായപ്പോഴാണ് കോൺഗ്രസ് ബിജെപിയെ കൂടുതൽ ആശ്രയിക്കുന്നത്.
എൽഡിഎഫ് മുന്നേറ്റത്തിൽ കോൺഗ്രസ് അങ്കലാപ്പിലാണ്. പാലക്കാട്ട് ഇടതു സ്വതന്ത്ര സ്ഥാനാർഥിയായ സരിൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
നല്ല എതിരാളിയെ നഷ്ടമായി: ജ്യോതികുമാർ ചാമക്കാല
പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിൽ അംഗത്വമെടുത്ത സന്ദീപ് വാര്യരെക്കുറിച്ച് ചാനൽ ചർച്ചകളിലെ സ്ഥിരം എതിരാളിയായിരുന്ന ജ്യോതികുമാർ ചാമക്കാല പ്രതികരിച്ചതു കൗതുകമുണർത്തി. നല്ലൊരു എതിരാളിയെ നഷ്ടമായി എന്നു ചാമക്കാല പറഞ്ഞു.
ചാനൽ ചർച്ചകളിലെ ബിജെപിയുടെ സ്ഥിരം പ്രതിനിധിയായിരുന്ന സന്ദീപ് വാര്യരോടു ചർച്ചകൾക്കിടെ രൂക്ഷമായി വഴക്കിട്ടിട്ടുണ്ട്. പക്ഷേ, പിണക്കമില്ല. നല്ലൊരു എതിരാളിയെ നഷ്ടമായ സങ്കടം മാത്രമേ ഉള്ളൂവെന്നും ജ്യോതികുമാർ ചാമക്കാല പ്രതികരിച്ചു. ഇനി ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
സന്ദീപ് കോണ്‍ഗ്രസ് അംഗത്വമെടുത്തതിനുശേഷം, ചാനൽ ചർച്ചയ്ക്കിടെ “നീ ആരാടാ...” എന്നുപറഞ്ഞ് ഇരുവരും വഴക്കുകൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതേക്കുറിച്ചുളള ചോദ്യത്തിന്, അതിനേക്കാൾ രൂക്ഷമായി വഴക്കിട്ടിട്ടുണ്ടെന്നായിരുന്നു ചാമക്കാലയുടെ മറുപടി.
സന്ദീപിനെ സ്വീകരിക്കാൻ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ: എം.ബി. രാജേഷ്
പാലക്കാട്: സന്ദീപ് വാര്യരെപ്പോലൊരു വർഗീയതയുടെ കാളിയനെ കഴുത്തിലണിയാൻ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ എന്ന് മന്ത്രി എം.ബി. രാജേഷ്.
നൂറുകണക്കിനു വിദ്വേഷപ്രസംഗങ്ങൾ നടത്തിയ ഒരാളെ അവർ തലയിൽ കൊണ്ടുനടക്കട്ടെ. അത്തരമൊരാളെ എടുക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കാൻപോലുമാകില്ല. പള്ളി പൊളിച്ചിടത്തേക്കു വെള്ളി ഇഷ്ടിക സംഭാവനചെയ്ത പാർട്ടിക്കു നല്ല മുതൽക്കൂട്ടായിരിക്കും സന്ദീപ്.
വർഗീയതയുടെ നിലപാട് തള്ളിപ്പറയാതെ സന്ദീപിനെ സ്വീകരിക്കില്ലെന്നാണ് താൻ പറഞ്ഞത്. കോണ്‍ഗ്രസിലെ മതനിരപേക്ഷവാദികൾക്കും മുസ്ലിം ലീഗിനുമൊക്കെ കൊണ്ടുനടക്കാവുന്ന നേതാവാണോ സന്ദീപ് വാര്യർ?
കെ. മുരളീധരനെ ബിജെപിക്കുവേണ്ടി കാലുവാരിയവരാണ് കേരളത്തിലെ ഏറ്റവും വലിയ വിദ്വേഷപ്രചാരകനെ സ്വന്തം പാർട്ടിയിലെടുത്തതെന്നും രാജേഷ് പറഞ്ഞു.