സത്രം-പുല്ലുമേട് കാനനപാതയിൽ ഇനി ശരണം വിളിയുടെ നാളുകൾ
Sunday, November 17, 2024 1:53 AM IST
വണ്ടിപ്പെരിയാർ: മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ സത്രം-പുല്ലുമേട് കാനനപാതയിലും അയ്യപ്പഭക്തർ എത്തിത്തുടങ്ങി. രാവിലെ ആറരയോടെ പോലീസ് അയ്യപ്പഭക്തർക്ക് ടോക്കൺ നൽകിയതോടെയാണ് ഭക്തർ കാനനപാതയിലൂടെ നീങ്ങിത്തുടങ്ങിയത്.
ദേവസ്വം ബോർഡിന്റെ വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും തുടങ്ങി.
കാനനപാതയിലേക്കുള്ള പ്രവേശനകവാടത്തിൽ സത്രം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തി കെ. ഹരിലാലിന്റെ നേതൃത്വത്തിൽ പൂജയും ശരണം വിളികളും നടത്തി.
തൃശൂർ സ്വദേശിയായ അയ്യപ്പഭക്തനാണ് ഈക്കുറി ആദ്യം കാനനപാതയിലേക്ക് ശബരിമല ദർശനത്തിനായി നീങ്ങിയത്. അയ്യപ്പഭക്തരെ അനുഗമിച്ച് വനവകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ്ർ ഉൾപ്പെടെയുള്ള ദ്രുതകർമസേനാഗംങ്ങളും നീങ്ങി. രാവിലെ ഒമ്പതരയോടെ 350ലധികം അയ്യപ്പഭക്തർ കാനതപാതയിൽ പ്രവേശിച്ചു.
വാഴൂർ സോമൻ എംഎൽഎ, പെരിയാർ കടുവ സങ്കേതം വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എസ്. സന്ദീപ്, അഴുത റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജോതിഷ് ജെ. ഒഴാക്കൽ, സത്രം ഫോറസ്റ്റർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ അയ്യപ്പഭക്തരെ സത്രത്തിൽ സ്വീകരിച്ചു.