രണ്ട് എല്‍ഇഡി ബള്ബിന് ഒന്ന് ഫ്രീ!; പദ്ധതിയുമായി കെഎസ്ഇബി
Sunday, November 17, 2024 1:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതികള്‍ വഴി വിതരണം ചെയ്യാന്‍ വാങ്ങിയ ബള്‍ബുകള്‍ ഓഫര്‍ വിലക്ക് വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി.
പദ്ധതികള്‍ വഴി വിതരണം ചെയ്യപ്പെടാതെ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ബള്‍ബുകള്‍ വിറ്റ് നഷ്ടം കുറയ്ക്കാനാണ് നീക്കം. ഇതിനായി രണ്ട് എല്‍ഇഡി ബള്‍ബുകള്‍ വാങ്ങിയാല്‍ ഒന്ന് സൗജന്യമായി നല്കുന്ന പദ്ധതി നടപ്പിലാക്കാനാണ് ആലോചന.
ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാന്‍ വാങ്ങിയ ഒന്‍പത് വാട്ട്സിന്റെ 1.17 കോടി ബള്‍ബുകളില്‍ 2.25 ലക്ഷത്തോളം ബള്‍ബുകളാണ് ഇപ്പോഴും വിറ്റഴിക്കപ്പെടാതെ കിടക്കുന്നത്. ഇതിനു പുറമേ ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിംഗ് പ്രോഗ്രാമിന് (ഡിഇഎല്‍പി) കീഴില്‍ വാങ്ങിയ 81,000 എല്‍ഇഡി ബള്‍ബുകളും വിവിധ കെഎസ്ഇബി ഓഫീസുകളിലായി കെട്ടിക്കിടക്കുന്നുണ്ട്.
കെഎസ്ഇബി എല്‍ഇഡി ബള്‍ബുകള്‍ വാങ്ങിക്കൂട്ടിയതിനു പിന്നാലെ പൊതുവിപണിയില്‍ എല്‍ഇഡി ബള്‍ബുകളുടെ വില കുത്തനെ കുറഞ്ഞതാണ് കെഎസ്ഇബിക്ക് തിരിച്ചടിയായത്. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 65 രൂപ നിരക്കിലാണ് കെഎസ്ഇബി ബള്‍ബുകള്‍ വിറ്റഴിച്ചിരുന്നത്. എന്നാല്‍ വിപണിയില്‍ വില കുറഞ്ഞതോടെ കെഎസ്ഇബിയിൽനിന്നു ആളുകള്‍ ബള്‍ബ് വാങ്ങാതായി.
ഇതോടെയാണ് കെട്ടിക്കിടക്കുന്ന മൂന്ന് ലക്ഷത്തോളം ബള്‍ബുകള്‍ വിറ്റഴിച്ച് നഷ്ടം കുറയ്ക്കാന്‍ കെഎസ്ഇബിയുടെ ശ്രമം. ഇതിന്റെ ഭാഗമായി രണ്ട് എല്‍ഇഡി ബള്‍ബുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു എല്‍ഇഡി ബള്‍ബ് സൗജന്യമായി നല്‍കാനാണ് ആലോചന.