പ്രഭാഷണങ്ങളും ചർച്ചകളുമായി സിസിഐ രണ്ടാം ദിനം
Sunday, November 17, 2024 1:52 AM IST
പാലാ: ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിട ദേവാലയത്തില്‍ സിബിസിഐ പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി സി സി ഐയുടെ ദേശീയസമ്മേളനത്തിന്റെ രണ്ടാം ദിനം ആരംഭിച്ചു.
ബോംബെ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ബാംഗളൂർ ആര്‍ച്ച്ബിഷപ് പീറ്റര്‍ മച്ചാഡോ, കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല, എഴുപത്തിയഞ്ചിലേറെ വൈദികര്‍, 125 പ്രതിനിധികള്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു.
തുടര്‍ന്നുള്ള സെഷനുകളില്‍ പി.ജെ.തോമസ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. അല്മായര് സമൂഹത്തിലെ വിശ്വാസ പ്രഘോഷകരാണെന്നും ആധുനികയുഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും മാധ്യമങ്ങളുടേയും സ്വാധീനം സുവിശേഷാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നു നടന്ന പാനല്‍ ചര്‍ച്ചകളില്‍ ഡോ. ചാക്കോ കാളംപറമ്പില്‍ പരിസ്ഥിതി പ്രതിസന്ധികളെകുറിച്ചും ഡോ.സി.ടി. മാത്യു ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പാരസ്പര്യത്തെക്കുറിച്ചും ഡോ. തരകന് അല്മായരുടെ സാമ്പത്തിക സുസ്ഥിതിയെക്കുറിച്ചും നിലനില്പ്പിനെക്കുച്ചും പ്രബന്ധങ്ങളവതരിപ്പിച്ചു.
സിനഡാത്മക സഭയുടെ പ്രത്യാശയോടെയുള്ള യാത്രയെക്കുറിച്ച് കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല ക്ലാസ് നയിച്ചു. സിബിസിഐ യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്മീഷനുകളുടെ റിപ്പോര്‍ട്ടിംഗ് സെഷനും നടന്നു.
സിസിഐ ദേശീയ സമ്മേളനത്തില്‍ ഇന്ന്
രാവിലെ സീറോ മലങ്കര സഭാതലവന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. സി സി ഐ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. എബ്രഹാം പട്ടിയാനി പ്രബന്ധാവതരണം നടത്തും.
ഉച്ചയ്ക്ക് 12 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.