പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
Sunday, November 17, 2024 1:53 AM IST
മുളന്തുരുത്തി: വീടിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുളന്തുരുത്തി പള്ളിത്താഴം സ്റ്റാൻഡിലെ ഓട്ടോഡ്രൈവർ വേഴപറമ്പ് ചിറയ്ക്കൽ അനിൽ(58) ആണു മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ പെരുമ്പിള്ളി മൂലക്കുരിശിനു സമീപം മുളന്തുരുത്തി-കാഞ്ഞിരമറ്റം റോഡിനോടു ചേർന്നുള്ള വാടക വീട്ടിലായിരുന്നു അപകടം.
ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുന്നതുകണ്ട് അയൽവാസികളാണ് ആദ്യം ഇവിടേക്ക് ഓടിയെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീ പടർന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പിന്നാലെ വീടാകെ വ്യാപിച്ചു. വീടിന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന അനിലിന്റെ ഓട്ടോയും പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേനയെത്തി വീടിനുള്ളിൽനിന്ന് അനിലിനെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാടകവീടിന്റെ മുകളിലത്തെ നിലയിലാണ് അനിൽ താമസിച്ചിരുന്നത്. താഴത്തെ നിലയിലെ താമസക്കാർ അപകടസമയം സ്ഥലത്തില്ലാതിരുന്നതിനാലാണ് കൂടുതൽ ആളപായം ഉണ്ടാകാതിരുന്നത്. വീട് പൂർണമായും കത്തിനശിച്ചു. നാലു യൂണിറ്റ് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണു തീയണച്ചത്.