സർക്കാരുകൾ തമ്മിലടിക്കുമ്പോൾ ഫിലോകാലിയ 10 വീടുകൾ കൈമാറി
Saturday, November 16, 2024 1:50 AM IST
പുൽപ്പള്ളി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലടിക്കുന്നതിനിടെ പത്തു കുടുംബങ്ങൾക്കു വീടുകൾ പണിതു നൽകി ഫിലോകാലിയ ഫൗണ്ടേഷന്റെ മഹത്തായ മാതൃക. ചാലക്കുടി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 10 പേർക്ക് നൽകുന്ന വീടുകളുടെ താക്കോൽദാനം നടത്തി.
ചടങ്ങിന്റെ ഉദ്ഘാടനം ദേശീയ അവാർഡ് ജേതാവായ പ്രശസ്ത പിന്നണി ഗായിക നഞ്ചിയമ്മ നിർവഹിച്ചു. നഞ്ചിയമ്മയ്ക്കും ഫിലോകാലിയ ഫൗണ്ടേഷനാണ് വീട് നിർമിച്ചു നൽകിയത്.
ഫിലോകാലിയയുടെ "കൂട് 'എന്ന ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ദുരിതബാധിതർക്കായി വയനാട്ടിൽ 26 വീടുകൾ നിർമിച്ചുനൽകുന്നത്. സ്വന്തമായി അഞ്ച് സെന്റ് സ്ഥലം വീതവും നൽകും.
ഓഗസ്റ്റ് ഏഴിനാണ് 26 വീടുകൾക്ക് തറക്കല്ലിട്ടത്. ദുരന്തം നടന്ന് 100 ദിവസങ്ങൾ പൂർത്തിയാകുന്പോൾ തന്നെ ആദ്യഘട്ടത്തിൽ 10 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു.
രണ്ടാം ഘട്ടത്തിൽ ജനുവരിയിൽ ബാക്കി പതിനാറു വീടുകളും കൂടി കൈമാറുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ മാരിയോ ജോസഫും ജിജി മാരിയോയും അറിയിച്ചു.
അഭ്യുദയകാംക്ഷികൾ ഫൗണ്ടേഷന് സ്ഥലം നൽകുന്നതിനനുസരിച്ചാണ് വയനാട്ടിൽ പല ഭാഗങ്ങളിലായി വീടുകൾ പണിതു നൽകുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സേവനങ്ങളാണ് ഫിലോകാലിയ ഫൗണ്ടേഷൻ ചെയ്തു വരുന്നത്.
കൂട്ടിക്കൽ ദുരന്തം നടന്ന സമയത്ത് അഞ്ച് വീടുകൾ നിർമിച്ചു നൽകി. ചെല്ലാനത്ത് കടലാക്രമണത്തിൽ ഭവനം നഷ്ടപ്പെട്ട പതിനെട്ട് കുടുംബങ്ങൾക്കാണ് വീടു നൽകിയത്.