ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
Sunday, November 17, 2024 1:53 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഉയര്‍ന്ന ലൈംഗികപീഡന കേസുകള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.
സംവിധായകനും ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനുമായിരുന്ന രഞ്ജിത്തിനെതിരായ കേസിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. സിനിമയില്‍ അഭിനയിക്കാൻ വിളിച്ചുവരുത്തിയശേഷം മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ പരാതിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
എറണാകുളം ചീഫ് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 35 സാക്ഷിമൊഴികളും തെളിവുകളുടെ വിവരങ്ങളുമാണുള്ളത്. കോസ്റ്റല്‍ എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ബംഗാളി നടി ശ്രീലേഖ മിത്രയാണു രഞ്ജിത്തിനെതിരേ പീഡനപരാതി നല്‍കിയത്. 2009ല്‍ ‘പാലേരി മാണിക്യം’ എന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ചുവരുത്തിയശേഷം മോശമായി പെരുമാറിയെന്നായിരുന്നു കേസ്.
ദുരനുഭവം കഥാകൃത്ത് ജോഷി ജോസഫിനോട് പങ്കുവച്ചെന്നും നടി വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങള്‍ക്കു മുന്നില്‍ ദുരനുഭവം തുറന്നുപറഞ്ഞ നടി ഇക്കാര്യങ്ങള്‍ വിവരിച്ച് കൊച്ചി സിറ്റി പോലീസ് മുന്‍ കമ്മീഷണര്‍ എസ്. ശ്യാം സുന്ദറിന് ഇ-മെയിലിലൂടെ പരാതി നല്‍കുകയായിരുന്നു.
കേസില്‍ കഥാകൃത്ത് ജോഷി ജോസഫ്, ഫാ. അഗസ്റ്റിന് വട്ടോളി എന്നിവരുടെ മൊഴികളും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
ഓഗസ്റ്റ് 26നാണ് രഞ്ജിത്തിനെതിരേ നോര്‍ത്ത് പോലീസ് കേസെടുത്തത്. തുടര്‍ന്ന് എഫ്ഐആര്‍ പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു. സെപ്റ്റംബര്‍ 12ന് രഞ്ജിത്തിനെ വിളിച്ചുവരുത്തി മൊഴിരേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കേസില്‍ ഹൈക്കോടതിയില്‍നിന്നു രഞ്ജിത് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.