രാമപുരത്ത് പ്രൗഢോജ്വല ക്രൈസ്തവ മഹാസമ്മേളനം
സ്വന്തം ലേഖകന്‍
Monday, November 18, 2024 6:39 AM IST
രാമപുരം: സാമൂഹിക സാഹചര്യങ്ങള്‍ ഒരുപോലെ നിലനില്‍ക്കുന്ന രാജ്യത്ത് സംവരണത്തിലെ വിവേചനം നീതിരഹിതവും മനുഷ്യത്വരഹിതവുമാണെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. പാലാ രൂപത പ്ലാറ്റിനം ജൂബിലിയുടെയും ഡിസിഎംഎസ് സപ്തതി വര്‍ഷത്തിന്റെയും ഭാഗമായി രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് നഗറില്‍ നടന്ന ക്രൈസ്തവ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഒരു ജനസമൂഹം അവഗണിക്കപ്പെടുന്നതും മതത്തിന്റെ പേരില്‍ പ്രത്യേക നിയമങ്ങള്‍ ഒരേ സമുദായത്തില്‍പ്പെട്ടവര്‍ക്കായി നിര്‍മിക്കുകയും ചെയ്യുന്നത് ഒരു രാജ്യത്തിനു ഭൂഷണമല്ലെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ഭരണഘടന നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ സൃഷ്ടിക്കരുത്: മാർ ക്ലീമിസ് കാതോലിക്കാ ബാവ
രാമപുരം: രാജ്യവും ഭരണഘടനയും പൗരന്മാർക്ക് നൽകുന്ന സുരക്ഷിതത്വ ബോധത്തിൽ മുറിവുകൾ ഉണ്ടാക്കരുതെന്ന് മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.
ക്രൈസ്തവ മഹാസമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ. മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് ഭരണഘടനയ്ക്കുതന്നെ അപമാനമാണ്. ദളിത് സമൂഹത്തിന്റെ പിന്നാക്കാവസ്ഥ ഒരുപോലെ കാണണം. ദളിത് ക്രൈസ്തവരോടൊപ്പം ഹൃദയംകൊണ്ടു കേരളസഭ ചേർന്നുനിൽക്കുന്നുവെന്നും കർദിനാൾ പറഞ്ഞു.