സർക്കാർ ഫയലുകളിൽ ‘ടിയാരി’ പോകും, ‘ടിയാൾ’ വരും
Sunday, November 17, 2024 1:52 AM IST
തിരുവനന്തപുരം: സർക്കാരിന്റെ എഴുത്തുകുത്തുകളിൽ നിന്ന് ‘ടിയാരി’ എന്ന പദം ഒഴിവാക്കി. മേപ്പടിയാൻ എന്ന അർഥത്തിൽ ഉപയോഗിക്കുന്ന ‘ടിയാൻ’ എന്ന പദത്തിന്റെ സ്ത്രീലിംഗമെന്ന നിലയിലാണ് ‘ടിയാരി’ ഫയലുകളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ, ആധികാരിക നിഘണ്ടുക്കളിൽ ഒന്നും ഈ പദമില്ല.
നിയമ, റവന്യൂ വകുപ്പുകളാണ് ടിയാരി കൂടുതലായി ഉപയോഗിച്ചത്. ഒടുവിൽ നിയമവകുപ്പുതന്നെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര-ഔദ്യോഗിക ഭാഷ വകുപ്പിനെ അറിയിക്കുകയായിരുന്നു.
ഇതേത്തുടർന്ന് ഭാഷാമാർഗ നിർദേശക വിദഗ്ധ സമിതി പരിശോധിച്ചാണ് ടിയാരിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഇക്കാര്യം എല്ലാ വകുപ്പ് മേധാവികളെയും അറിയിച്ചു. ടിയാന്റെ സ്ത്രീലിംഗപദമായി ‘ടിയാൾ’ മതിയെന്നാണ് പുതിയ നിർദേശം.