നവീൻ ബാബുവിന്റെ മരണം: ദിവ്യയുടെ ജാമ്യഹർജിയിൽ വാദം പൂർത്തിയായി, വിധി എട്ടിന്
Wednesday, November 6, 2024 2:33 AM IST
തലശേരി: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി.
വിധി എട്ടിനു പറയും. ദിവ്യക്കു ജാമ്യം നൽകരുതെന്നും നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാറും കോടതിയിൽ വാദിച്ചു.
അതേസമയം, പ്രശാന്തിന്റെയും എഡിഎമ്മിന്റേയും ഫോൺ രേഖകൾ ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ. വിശ്വൻ കോടതിയിൽ സമർപ്പിച്ചു. പോലീസിനും കളക്ടർക്കുമെതിരേ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകൻ ജോൺ എസ്. റാൽഫ് ശക്തമായ വാദങ്ങളാണു കോടതിയിൽ ഉയർത്തിയത്.
കൈക്കൂലി വാങ്ങിയെന്ന് പ്രതിഭാഗം; എതിർത്ത് പ്രോസിക്യൂഷൻ
എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദമാണ് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. ജാമ്യാപേക്ഷയിൽ കോടതിയിൽ വാദിച്ചപ്പോൾ എഡിഎമ്മിന്റെ ഫോൺ രേഖകളടക്കം ചൂണ്ടിക്കാട്ടിയാണു ജാമ്യത്തിനായി വാദിച്ചത്.
കൈക്കൂലി നൽകിയതിനാണു പ്രശാന്തിനെതിരേ നടപടിയെടുത്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ചു സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നുമടക്കമാണ് കൈക്കൂലി വാങ്ങിയതിനു തെളിവായി ദിവ്യയുടെ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങൾ.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉടനെ അന്വേഷണ സംഘത്തിനു മുന്നിൽ കീഴടങ്ങിയെന്നു ചൂണ്ടിക്കാട്ടിയാണു ദിവ്യയുടെ അഭിഭാഷകൻ വാദം തുടങ്ങിയത്. ദിവ്യയെ പോലീസ് കസ്റ്റഡിയിൽ ചോദിച്ചപ്പോൾ അതിനെ തങ്ങൾ എതിർത്തില്ല.
അന്വേഷണവുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്. എഡിഎമ്മിനെ ആത്മഹത്യയിലേക്കു നയിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. ഇക്കാര്യം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിയിൽ പരാമർശിച്ചിട്ടുണ്ട്. ആ വേദിയിൽ അങ്ങനെ സംസാരിക്കേണ്ടായിരുന്നു എന്നത് അംഗീകരിക്കുന്നു. ഉദ്ദേശ്യമില്ലാതെ ചെയ്താൽ കുറ്റമാകുമോയെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയോടു ചോദിച്ചു.
കൈക്കൂലി നൽകിയെന്നു പ്രശാന്ത് മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു വാദം. മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ അന്വേഷണറിപ്പോർട്ട് ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഇത് ദിവ്യയുടെ ആരോപണം ശരിവയ്ക്കുന്നതാണ്.
ഒക്ടോബർ ആറിന് കൈക്കൂലി നൽകിയെന്നാണ് മൊഴി. പ്രശാന്തിന്റെയും നവീൻ ബാബുവിന്റെയും ഫോൺ രേഖകൾ തെളിവായുണ്ട്. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത് കൈക്കൂലി നൽകിയതിനാണ്. ഇതിലൂടെ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നു വ്യക്തമാണെന്നുമായിരുന്നു വാദം.
അതേസമയം, എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ചുവെന്നാണ് മറ്റൊരു വാദം. ഒക്ടോബർ ആറിന് രാവിലെ 11.10നു പ്രശാന്തിനെ എഡിഎം ഫോണിൽ വിളിച്ച് 23 സെക്കൻഡ് സംസാരിച്ചു. ആ സമയത്ത് എഡിഎം കണ്ണൂരിലും പ്രശാന്ത് ശ്രീകണ്ഠപുരത്തുമായിരുന്നു. 12.42നു പ്രശാന്ത് എഡിഎമ്മിനെ വിളിച്ചു. ഈ സമയത്ത് രണ്ടു പേരും ഒരേ ടവർ ലൊക്കേഷനിലായിരുന്നു. ഇരുവരും നേരിൽ കണ്ടുവെന്നതിന് ഇതു തെളിവാണ്.
ഇരുവരും തമ്മിൽ കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങളും തെളിവായുണ്ട്. ഇത്രയും തെളിവുള്ളപ്പോൾ എന്തിനു ദിവ്യയെ സംശയിക്കണമെന്നും പ്രശാന്തിന്റെ മൊഴിയെ എന്തിന് അവിശ്വസിക്കണമെന്നും അഭിഭാഷകൻ ചോദിച്ചു.
എന്നാൽ, എഡിഎം കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാൻ ദിവ്യ ഉന്നയിച്ച വാദങ്ങളെ എതിർത്ത് പ്രോസിക്യൂഷൻ രംഗത്തെത്തി. പ്രശാന്തിനെതിരേ നടപടിക്കു കാരണം കൈക്കൂലി ആരോപണം മാത്രമല്ലെന്നും പ്രശാന്തുമായി ഫോണിൽ സംസാരിച്ചത് എങ്ങനെ കൈക്കൂലി വാങ്ങിയതിന്റെ തെളിവാകുമെന്നും പ്രോസിക്യൂഷൻ ചോദിച്ചു.
കളക്ടറുടെ മൊഴിയിൽ ഒന്നും ഒളിച്ചുവച്ചിട്ടില്ലെന്നും ഗംഗാധരൻ വലിയ തുക ചെലവായെന്നു പറഞ്ഞത് എങ്ങനെ കൈക്കൂലിയാകുമെന്നും ദിവ്യയുടെ വാദങ്ങളെ എതിർത്ത് പ്രോസിക്യൂഷൻ ചോദിച്ചു.
പ്രശാന്ത് ബാങ്കിൽനിന്നു വായ്പയെടുത്തെന്നത് എങ്ങനെ കൈക്കൂലിയാകും? ഒരു പരിപാടിയിലേക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നാൽ ഇറങ്ങിപ്പോകാൻ പറയാൻ പറ്റുമോ? ഇരിക്കാൻ പറഞ്ഞതു മാന്യതയാണ്. ദിവ്യ വന്നതിൽ അസ്വാഭാവികത തോന്നിയില്ലെന്നാണു ഡെപ്യൂട്ടി കളക്ടർ ശ്രുതിയുടെ മൊഴി.
പരിപാടിയുടെ അധ്യക്ഷ ശ്രുതിയായിരുന്നു. ദിവ്യയെ ആശംസ അറിയിക്കാൻ ക്ഷണിച്ചെന്നും ദിവ്യയുടെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 19-ാം വയസിൽ സർവീസിൽ പ്രവേശിച്ച ആളാണ് നവീൻ. ഇതുവരെ അദ്ദേഹത്തെക്കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഇല്ല.
ആരോപണം ഉയർന്ന ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെന്തിന് അഴിമതി നടത്തണം? പണം നൽകിയെന്നതു പ്രശാന്തിന്റെ ആരോപണം മാത്രമാണ്. മറ്റു തെളിവുകളോ സാക്ഷികളോ ഇല്ല. ഭൂമി നികത്തിയതാണു ഗംഗാധരന്റെ പ്രശ്നം.
സ്റ്റോപ്പ് മെമ്മോ ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഗംഗാധരനെ എന്തിനാണ് ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്? എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
പോലീസിനും കളക്ടർക്കുമെതിരേ നവീന്റെ കുടുംബം
പോലീസിനും കളക്ടർക്കുമെതിരേ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ അഭിഭാഷകൻ അഡ്വ.ജോൺ എസ്. റാൽഫ് വാദങ്ങളുയർത്തി. ഇതുവരെ തന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന മഞ്ജുഷയുടെ വാദമാണ് അഭിഭാഷകൻ കോടതിയിൽ ഉയർത്തിയത്.
കളക്ടർക്കെതിരേയും വാദങ്ങൾ ഉയർത്തി. അവധി പോലും കൊടുക്കാത്ത കളക്ടർ നവീൻ ബാബുവിനു ട്രാൻസ്ഫർ പോലും നല്കിയില്ല. കളക്ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.