ശബരിമല തീർഥാടനം: ആരോഗ്യ പ്രവർത്തകർക്ക് അപേക്ഷിക്കാം
Wednesday, November 6, 2024 2:33 AM IST
തിരുവനന്തപുരം: ശബരിമല തീർഥാടനകാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കാൻ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.
കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലയ്ക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട്, എരുമേലി തുടങ്ങിയ ആരോഗ്യസേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.
ആരോഗ്യവകുപ്പിൽ നിന്നും വിരമിച്ചവർ ഉൾപ്പെടെയുള്ളവർക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ നവംബർ 11നകം രേഖകൾ ഉൾപ്പെടെ അപേക്ഷ സമർപ്പിക്കണം.
ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കൽ കോളജുകളിൽ നിന്നും വിദഗ്ധ കാർഡിയോളജി ഡോക്ടർമാരെയും ഫിസിഷ്യൻമാരെയും വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിയോഗിക്കും. ഇതു കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കുന്നത്.