കെ-റെയില്‍ നടപ്പായാല്‍ കേരളം തകര്‍ന്നു തരിപ്പണമാകും: വി.ഡി. സതീശൻ
Wednesday, November 6, 2024 2:33 AM IST
പാലക്കാട്: കെ- റെയില്‍ നടപ്പായാല്‍ കേരളം പാരിസ്ഥിതികമായി തകര്ന്നുതരിപ്പണമാകുമെന്നും കാലാവസ്ഥാവ്യതിയാനമുണ്ടാക്കിയ ദുരന്തമേഖലയായി കേരളം മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
കേരളത്തിനു നടുവിലൂടെ 30 അടി ഉയരത്തില്‍ 300 കിലോമീറ്റര്‍ ദൂരം എംബാംഗ്മെന്റ് കെട്ടി, 200 കിലോമീറ്ററില്‍ പത്തടി ഉയരത്തില്‍ മതിലും കെട്ടിയുള്ള കെ- റെയില്‍ വന്നാല്‍ കേരളത്തിന്റെ സ്ഥിതി എന്താകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു ചോദിച്ചു.
ഒരു പഠനവും ഇല്ലാതെ തട്ടിക്കൂട്ടിയ ഡിപിആറുമായാണു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുമ്പോഴാണു രണ്ടു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. പണമില്ലാതെ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും നിലച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല.
നിലവിലെ റെയില്‍പ്പാതയ്ക്കു സമാന്തരമായി പാതയുണ്ടാക്കി സ്പീഡ് ട്രെയിന്‍ കൊണ്ടുവരുന്നതിനു പകരമാണു പാരിസ്ഥിതികമായി തകര്‍ക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നത്. മൂന്നു സെന്റ് ഭൂമിവാങ്ങി വീടുവയ്ക്കാന്‍പോലും സ്ഥലമില്ലാത്ത സംസ്ഥാനത്താണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രോജക്ടുകളോടുള്ള താത്പര്യമാണ് കെ- റെയിലിനു പിന്നാലെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.