സിദ്ധാർഥന്റെ കുടുംബത്തിനു ധനസഹായം നൽകണമെന്ന് ആവശ്യം
Wednesday, November 6, 2024 2:33 AM IST
തിരുവനന്തപുരം: കോളജ് ഹോസ്റ്റലിൽ ക്രൂരമായ റാഗിംഗിനു വിധേയനായി മരണമടഞ്ഞ സിദ്ധാർഥന്റെ സഹോദരന്റെ തുടർപഠനച്ചെലവവിനുള്ള സാന്പത്തികസഹായം നൽകാൻ സർവകലാശാലയ്ക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും മൃഗസംരക്ഷണ മന്ത്രിക്കും നിവേദനം നൽകി.
സിദ്ധാർഥൻ ദുരൂഹസാഹചര്യത്തിൽ മരിച്ച് ഏഴു മാസം പിന്നിട്ടിട്ടും മരണത്തിന് ഉത്തരവാദികൾ എന്ന കാരണത്താൽ ഏതാനും വിദ്യാർഥികളെയും കോളജ് ഡീൻ, വാർഡൻ എന്നിവരെയും കോളജിൽനിന്നു പുറത്താക്കി എന്നതൊഴിച്ചാൽ സിദ്ധാർഥന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാരോ സർവകലാശാലയോ ഇതുവരെ തയാറായിട്ടില്ലെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഓർമയ്ക്കായി സൂക്ഷിക്കാൻ സിദ്ധാർഥന്റെ ഡ്രസ്, കണ്ണട, ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾ എന്നിവ പോലും മാതാപിതാക്കൾക്കു കൈമാറാതെ യൂണിവേഴ്സിറ്റി അധികൃതർ നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ഒരു വർഷം മുന്പ് കുസാറ്റിൽ എൻജിനിയറിംഗ് വിദ്യാർഥികൾ സംഘടിപ്പിച്ച സംഗീതനിശയിലെ തിരക്കിൽപ്പെട്ടു മരിച്ച നാലു വിദ്യാർഥികൾക്ക് സാന്പത്തിക സഹായം നൽകാൻ തയാറായ സർക്കാർ, സിദ്ധാർഥന്റെ കുടുംബത്തിനു സഹായം നൽകുന്ന കാര്യം പരിഗണിക്കാൻ വിമുഖത കാട്ടുകയാണ്.
ഒരു വിഭാഗം വിദ്യാർഥികൾ നടത്തിയ ആൾക്കൂട്ട കൊലപാതകമാണെന്നതു മറച്ചുവയ്ക്കുന്നതിന്റെ ഭാഗമായാണ് സിദ്ധാർഥന്റെ കുടുംബത്തെ സഹായിക്കാൻ സർക്കാരോ സർവകലാശാലയോ തയാറാകാത്തതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.