എൻജിനിയറിംഗ് കോളജ് പ്രവേശനത്തിൽ നേരിയ വർധനയെന്നു മന്ത്രി ആർ. ബിന്ദു
Wednesday, November 6, 2024 2:33 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള എൻജിനിയറിംഗ് കോളജുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 3868 വിദ്യാർഥികൾ അധികമായി പ്രവേശനം നേടിയെന്നു മന്ത്രി ഡോ.ആർ. ബിന്ദു. ഇത്തവണ 35,923 പേർ പ്രവേശനം നേടി. മൊത്തം 55,000 സീറ്റുകളാണ് സാങ്കേതിക സർവകലാശാലയിലുള്ളത്.
സർക്കാർ കോളജുകളിൽ ഇപ്പോൾതന്നെ 80 ശതമാനം സീറ്റുകളിലും പ്രവേശനമായി. സ്വാശ്രയ കോളജുകളിലാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. വിവിധ സർവകലാശാലകൾക്കു കീഴിലുള്ള സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 30 ശതമാനത്തിലേറെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
സംസ്ഥാനത്ത് 3.53 ലക്ഷം കുട്ടികളാണ് പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ മൂന്നു ലക്ഷം വിദ്യാർഥികളെങ്കിലും വിവിധ ബിരുദ കോഴ്സുകളിലായി പ്രവേശനം നേടിയെന്നാണു കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.