മുനന്പം വിഷയത്തിൽ സർക്കാർ നയം ഇരട്ടത്താപ്പ്: പി.ജെ. ജോസഫ്
Wednesday, November 6, 2024 2:33 AM IST
മുനമ്പം: അറുനൂറിലധികം കുടുംബങ്ങളെ ആശങ്കയുടെ മുനമ്പിൽ നിർത്തുന്ന മുനമ്പം പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ടത്താപ്പെന്ന് കേരള കോൺഗ്രസ് ചെയർമാനും മുൻ മന്ത്രിയുമായ പി.ജെ. ജോസഫ് എംഎൽഎ. ആത്മാർഥതയുണ്ടെങ്കിൽ മുനന്പം പ്രശ്നം പരിഹരിക്കാൻ സർക്കാരിന് ഒരു നിമിഷം മതിയെന്നും അദ്ദേഹം പറഞ്ഞു.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന മുനമ്പത്തെ സമരപ്പന്തൽ സന്ദർശിച്ച് പിന്തുണയറിയിച്ചു പ്രസംഗിക്കുകയായിരുന്നു പി.ജെ. ജോസഫ്.
ഭൂമിയിലുള്ള അവകാശത്തിന്മേൽ ഉയർന്നിട്ടുള്ള തർക്കം പരിഹരിക്കാൻ 2008ൽ സർക്കാർ നിയോഗിച്ച എം.എ. നിസാർ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തലാണ് തർക്കങ്ങൾക്കു കാരണമായിട്ടുള്ളത്.
ഈ കമ്മീഷൻ യാഥാർഥ്യം മനസിലാക്കാതെയും രേഖകൾ പരിശോധിക്കാതെയും ബന്ധപ്പെട്ടവരിൽനിന്നു വിവരങ്ങൾ ശേഖരിക്കാതെയും വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ അവകാശവാദം അംഗീകരിച്ച് മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ഇതേത്തുടർന്നാണ് ഫറൂഖ് കോളജിന് സമ്മാനമായി ലഭിച്ച 404 ഏക്കർ ഭൂമി വില്പന നടത്തിയശേഷവും അവകാശവാദം ഉന്നയിക്കുന്നത്. ഇന്നത്തെ ഗുരുതരമായ സാഹചര്യങ്ങൾ പരിഗണിച്ച് നിസാർ കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാൻ പുതിയ കമ്മിറ്റിയെ സർക്കാർ നിയോഗിക്കണം.
1988-93 കാലയളവിലാണ് ഫറൂഖ് കോളജിന്റെ അധികാരികൾ ഈ ഭൂമി അക്കാലത്തെ വിപണിവിലയ്ക്കനുസൃതമായി കൈമാറുന്നത്. 1975 ൽ കേരള ഹൈക്കോടതിയുടെ വിധിയിൽ ഫറൂഖ് കോളജിന് സമ്മാനമായി ലഭിച്ചതാണെന്നു വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
ഈ വസ്തുതകൾ നിസാർ കമ്മിറ്റി പരിഗണിച്ചിട്ടില്ല. 1950ലാണ് സിദ്ദിഖ് സേട്ട് എന്നയാൾ ഫറൂഖ് കോളജിന് 404 ഏക്കർ ഭൂമി കൈമാറുന്നത്. ഫറൂഖ് കോളജിന് ഈ ഭൂമി വിറ്റ വകയിൽ 33 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. ഒരിക്കൽ പണം വാങ്ങി തീറു നൽകിയ ഭൂമിയിൽ വീണ്ടും അവകാശവാദം ഉന്നയിക്കുന്നത് അന്യായമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു.
കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ, എറണാകുളം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, നേതാക്കളായ ജോയ് ഏബ്രഹാം, തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, സേവി കുരിശുവീട്ടിൽ, ജെയ്സൺ ജോസഫ്, എം.പി. പോളി, കെ.വി.കണ്ണൻ, ജിസൺ ജോർജ്, എം.വി. ഫ്രാൻസിസ്, ജോഷ്വ തായങ്കേരി എന്നിവർ പ്രസംഗിച്ചു.