ഉന്നതതല യോഗം ഈയാഴ്ച നടത്തിയേക്കും
Wednesday, November 6, 2024 2:33 AM IST
തിരുവനന്തപുരം: മുനന്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനുള്ള സാധ്യത പരിശോധിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഈ ആഴ്ച തന്നെ വിളിച്ചുചേർക്കാൻ ആലോചന. മന്ത്രിമാരെ കൂടാതെ നിയമ സെക്രട്ടറി അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വഖഫ് ബോർഡ് ചെയർമാനെയും പങ്കെടുപ്പിക്കും.
മുനന്പം ഭൂമി സംബന്ധിച്ച തർക്കം പരിഹരിക്കാൻ 16നു മന്ത്രിതല ചർച്ച നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പ്രതിപക്ഷ നേതാവ് അടക്കം കടുത്ത സമ്മർദവുമായി സർക്കാരിനു മുന്നിലേക്ക് എത്തിയതോടെ ഉന്നതതല യോഗം നേരത്തേ ചേരാനായി ആവശ്യമായ തയാറെടുപ്പു നടത്താൻ ബന്ധപ്പെട്ട മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, പി. അബ്ദുറഹ്മാൻ എന്നിവരെ ചർച്ചയിൽ പങ്കെടുപ്പിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ലേക്കു മാറ്റിയ സാഹചര്യത്തിൽ യോഗം ചേരാൻ പെരുമാറ്റച്ചട്ടം കഴിയാനായി കാത്തിരിക്കേണ്ടതില്ലെന്നാണു സർക്കാർ തീരുമാനം.