""സംസ്ഥാന സർക്കാർ മുനന്പം ജനതയ്ക്കൊപ്പം''
Wednesday, November 6, 2024 2:33 AM IST
വൈപ്പിന്‍ മണ്ഡലത്തിലുള്‍പ്പെട്ട മുനമ്പം, വഖഫ് അവകാശവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ 610 കുടുംബങ്ങളുടെ നീതിക്കായുള്ള നിലവിളിയുടെ പേരില്‍ കേരളത്തിലാകെയും രാജ്യത്തും ചര്‍ച്ചയാകുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദത്തോട് സ്ഥലം എംഎല്‍എ എന്ന നിലയിലുള്ള അഭിപ്രായം എന്താണ്?
► പ്രദേശവാസികള്‍ വിലകൊടുത്തു വാങ്ങുകയും 2019 വരെ ക്രയവിക്രയം നടത്തുകയും ചെയ്ത മുനമ്പത്തെ ഭൂമി എങ്ങനെ വഖഫായി അവകാശപ്പെടുന്നുവെന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്.
ചെറായി-മുനമ്പം പ്രദേശത്തെ ഭൂമി വഖഫാണെന്നും ഭൂമി നിലവില്‍ ഉപയോഗിക്കുന്ന സ്വകാര്യവ്യക്തികളില്‍നിന്നു കരം സ്വീകരിക്കരുതെന്നും വഖഫ് ബോര്‍ഡ് ആവശ്യമുന്നയിച്ചു. ഇതോടെ റവന്യു അധികൃതര്‍ നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു. ഈ ഘട്ടത്തില്‍ സ്ഥലം എംഎല്‍എ എന്നനിലയില്‍ വഖഫിന്റെ ചുമതലയുള്ള മന്ത്രിയെയും റവന്യു മന്ത്രിയെയും ഞാന്‍ സമീപിച്ചു. നികുതി സ്വീകരിക്കുന്നത് പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി. അതിന്റെ പേരില്‍ തനിക്കു പ്രദേശവാസികള്‍ സ്വീകരണമൊരുക്കിയിരുന്നു.
തുടർന്ന് നികുതി സ്വീകരിക്കുന്നതിനെതിരേ നാസിര്‍ മനയില്‍, അബ്ദുള്‍ സലാം എന്നീ വ്യക്തികള്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ആര് ചുമതലപ്പെടുത്തിയതുപ്രകാരമാണ് ഇവര്‍ കോടതിയെ സമീപിച്ചതെന്നും ഇവരുടെ ഉദ്ദേശ്യശുദ്ധി എന്തെന്നും അറിയില്ല. മുനമ്പം-ചെറായി പ്രദേശത്തെ സമാധാനപൂര്‍ണമായ ജീവിതം തകര്‍ക്കാന്‍ ഇവര്‍ക്കെന്തെങ്കിലും ഗൂഢലക്ഷ്യങ്ങളുണ്ടോ എന്നതും അന്വേഷണവിധേയമാക്കണം.
അന്യായമായ വഖഫ് അവകാശവാദം പിന്‍വലിക്കുകയല്ലേ മുനമ്പത്തെ ഇപ്പോഴത്തെ പ്രശ്ന പരിഹാരത്തിന് സഹായകമാകുക?
► മുനമ്പം നിവാസികളെ കുടിയിറക്കണമെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നു പല മുസ്ലിം സംഘടനകളും പ്രസ്താവിച്ചതു കണ്ടു. അവരല്ലല്ലോ അതു പറയേണ്ടത്. വഖഫ് ബോര്‍ഡിന് അങ്ങനെയൊരു അഭിപ്രായം പറയാന്‍ കഴിയേണ്ടേ? അങ്ങനെയൊരു നിലപാട് ബോര്‍ഡ് എടുത്താല്‍ പ്രശ്നപരിഹാരം എളുപ്പമാകും.
സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട് പരിഹരിക്കാവുന്നതാണ് മുനമ്പത്തെ ഭൂമിയിലുള്ള വഖഫ് അവകാശവാദ പ്രശ്നമെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ സമയബന്ധിതമായി ഇടപെടുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയിട്ടുണ്ടോ?
►സംസ്ഥാന സര്‍ക്കാരിനു പരിഹരിക്കാവുന്ന വിഷയം തന്നെയാണിത്. എന്നാല്‍ ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും കീഴിലേ സര്‍ക്കാരിനു നിലപാട് സ്വീകരിക്കാനാകൂ. അതനുസരിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും. സര്‍ക്കാരിനു വീഴ്ച സംഭവിച്ചുവെന്നു പറയാനാകില്ല. രാഷ്ട്രീയപ്രേരിതവും ജനങ്ങളില്‍ ഭിന്നതയുണ്ടാക്കുന്നതുമാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍.
മുഖ്യമന്ത്രിയും വഖഫ് സിഇഒയും ബന്ധപ്പെട്ട മന്ത്രിമാരും ഇടപെട്ടാണ് നികുതി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. സ്ഥലം എംഎല്‍എ എന്നനിലയില്‍ നിയമസഭയില്‍ ഞാന്‍ സബ്മിഷനായും ചോദ്യങ്ങളായും വിഷയം ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റെ മറുപടികളും ഉണ്ടായിട്ടുണ്ട്. വിഷയത്തെ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ കാണുന്നുവെന്നതിന്റെ സൂചനകളാണിത്.
വഖഫ് നിയമത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ ജനതയാണു വൈപ്പിനിലെ മുനമ്പം നിവാസികള്‍. ആ നിയമം ഭേദഗതി ചെയ്യുന്നതിനെ നിയമസഭയില്‍ എതിര്‍ത്തവരില്‍ വൈപ്പിന്‍ എംഎല്‍എയും ഉണ്ടായിരുന്നു. ആ നിലപാട് തങ്ങളോടുള്ള വെല്ലുവിളിയായി മുനമ്പത്തെ സമരസമിതി കുറ്റപ്പെടുത്തുന്നു. അതിനോടുള്ള പ്രതികരണം?
►വഖഫ് വിഷയം ആരംഭിക്കുന്നതുമുതല്‍ മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പമാണ് ഞാന്‍ നിലകൊണ്ടിട്ടുള്ളത്. വഖഫ് നിയമഭേദഗതിയെ ദേശീയാടിസ്ഥാനത്തിലുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തിയാണു കാണേണ്ടത്. അതില്‍ രാഷ്ട്രീയവും ഭരണഘടനാപരവുമായ കാരണങ്ങളുണ്ട്. വഖഫ് നിയമ ഭേദഗതിക്കെതിരേ നിലപാടെടുത്തതിലൂടെ മുനമ്പം പ്രദേശത്തെ ജനങ്ങള്‍ക്ക് എതിരാണു താനെന്നതു ദുരാരോപണമാണ്.
മുനമ്പം പ്രശ്ന പരിഹാരത്തിന് സര്‍ക്കാരിന്റെ മുന്നിലുള്ള സാധ്യതകള്‍ എന്തെല്ലാമാണ്?
►നിസാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളും കണ്ടെത്തലുകളും മുനമ്പം പ്രശ്നപരിഹാരത്തിന് തടസമായി നില്‍ക്കുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരം തടസങ്ങളുണ്ടെങ്കില്‍, വിഷയത്തില്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാരിനു അന്വേഷണ കമ്മീഷനെ നിയോഗിക്കാം.
സിറ്റിംഗ് ജഡ്ജിയെയോ റിട്ട. ജഡ്ജിയെയോ ജില്ലാ കളക്ടറെയോ ചുമതലപ്പെടുത്തി അന്വേഷണത്തിന് സര്‍ക്കാരിന് ഉത്തരവിടാനാകും. മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന ഒരു നിലപാടും സര്‍ക്കാരിനില്ല. എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ ഇവിടത്തെ ജനങ്ങള്‍ക്കൊപ്പം തന്നെയായിരിക്കും.