സര്‍ക്കാരിനു സാമ്പത്തിക ബാധ്യത: എംഎച്ച്ഡബ്ല്യുടി കോഴ്സിനുള്ള ഡെപ്യൂട്ടേഷന് ആനുകൂല്യം നിര്‍ത്തലാക്കി
Wednesday, November 6, 2024 2:33 AM IST
കോഴിക്കോട്: സര്‍ക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നതടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ധനകാര്യവകുപ്പ് നല്കിയ നിര്‍ദേശ പ്രകാരം മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് (എംഎച്ച്ഡബ്ല്യുടി) കോഴ്സിനുള്ള ഡെപ്യൂട്ടേഷന് ആനുകൂല്യം ആരോഗ്യവകുപ്പ് നിര്‍ത്തലാക്കി.
ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് -2 തസ്തികയുടെ പ്രഥമഗണനീയ യോഗ്യതയായി മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് കോഴ്സിനെ പരിഗണിച്ചിരുന്നതാണ് ഒഴിവാക്കിയത്.
നിശ്ചിത യോഗ്യതയുടെ അഭാവത്തില്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാത്ത സാഹചര്യത്തില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് കോഴ്സ് പഠിച്ച് യോഗ്യത നേടുന്നതിനായി ഇനി മുതല്‍ ഡെപ്യൂട്ടേഷന് ആനുകൂല്യം ലഭ്യമാകില്ല.
1986 മുതല്‍ 1994 വരെയുള്ള കാലയളവില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് കോഴ്സ് പരിശീലനം പൂര്‍ത്തിയാക്കിയ 737 പേരെ താത്കാലികാടിസ്ഥാനത്തില്‍ ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായി നിയമിച്ചിരുന്നു.
നിശ്ചിത യോഗ്യതയുള്ള ജീവനക്കാരുടെ അഭാവത്തില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ ജോലി ചെയ്യുന്ന 10-ാം ക്ലാസ് യോഗ്യതയുള്ളവര സര്‍ക്കാര്‍ ചെലവില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് കോഴ്സ് പരിശീലനം നല്കിയ ശേഷം ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-2 തസ്തികയില്‍ നിയമിക്കുന്ന പതിവുമുണ്ടായിരുന്നു.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിംഗ് കോഴ്സ് 35 ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ക്കായി നടത്തുന്നതിന് സര്‍ക്കാരിനു ചെലവ് ഏകദേശം 22,20,000 രൂപയാണ്.
ഈ കാലയളവില്‍ പരിശീലനത്തിനു വിധേയമാകുന്ന ജീവനക്കാര്‍ക്ക് ശമ്പളവും മറ്റു ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുകയും വേണം. ഇത് സര്‍ക്കാരിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ധനകാര്യ വകുപ്പിനെ അറിയിച്ചിരുന്നു.
1983 ലാണ് സംസ്ഥാനത്ത് കേന്ദ്രാവിഷ്കൃത പദ്ധതിയായ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് സ്കീം ആരംഭിച്ചത്. ഓരോ 5000 പേര്‍ക്കും ഓരോ പുരുഷ ഹെല്‍ത്ത് വര്‍ക്കറും എന്ന നിലയില്‍ ജനസംഖ്യാനുപാതികമായി പരിശീലനം നല്കി പൊതുജനാരോഗ്യ പദ്ധതിയുടെ ഭാഗമാക്കുന്നതാണ് പദ്ധതി.