പന്പാവാലി, ഏയ്ഞ്ചൽവാലി, തട്ടേക്കാട് സങ്കേതങ്ങളിൽ കേന്ദ്ര വിദഗ്ധ സമിതി പരിശോധന നടത്തും
Wednesday, November 6, 2024 2:33 AM IST
തിരുവനന്തപുരം: പെരിയാർ കടുവാ സങ്കേത്തിന് അകത്തെ ജനവാസ മേഖലകളായ പന്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളെയും തട്ടേക്കാട് പക്ഷിസങ്കേതത്തിനകത്തെ ജനവാസ മേഖലകളെയും സങ്കേതത്തിൽനിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശിപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി സ്ഥലം സന്ദർശിക്കും. ഡിസംബർ 19 മുതൽ 21 വരെയാണ് സംഘം പ്രദേശങ്ങളിൽ പരിശോധന നടത്തുക.
വിദഗ്ധ സംഘത്തിൽ പ്രധാനമായി മൂന്ന് അംഗങ്ങളാണുള്ളത്. ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും ശാസ്ത്രജ്ഞനുമായ ഡോ. സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ, സംസ്ഥാന സർക്കാർ പ്രതിനിധി എന്നിവരാണ് സമിതി അംഗങ്ങൾ. കൂടാതെ ടൈഗർ റിസർവ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ടാകും.
സംസ്ഥാന ശിപാർശ കേന്ദ്ര വന്യജീവി ബോർഡ് അനുകൂലമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചതെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.