നാട്ടാനകള്ക്കെതിരേയുള്ള ക്രൂരത: കരട് മാര്‍ഗനിര്‍ദേശം ഇറക്കുമെന്ന് കോടതി
Wednesday, November 6, 2024 2:33 AM IST
കൊച്ചി: നാട്ടാനകള്ക്കെതിരേയുള്ള ക്രൂരത അവസാനിപ്പിക്കുന്നതിന് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ ചൊവ്വാഴ്ച ഇറക്കുമെന്ന് ഹൈക്കോടതി. കേരളത്തെ നാട്ടാനസൗഹൃദ സംസ്ഥാനമാക്കാതെ, കൂടുതല്‍ ആനകളെ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
നാട്ടാനകളുടെ ദുരിതമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണം വേണമെന്നാണ് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. മതപരമായ ചടങ്ങുകള്‍ക്കു മാത്രമേ ആനകളെ ഉപയോഗിക്കാവൂ.
സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ വിശ്രമം വേണം. 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്.
ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുത്.എഴുന്നള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്നു മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്തുനിന്നും 100 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം.
തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ലെന്നും അമിക്കസ് ക്യൂറി അറിയിച്ചു. ആനകളെ വാഹനത്തില്‍ കൊണ്ടുപോകുന്നതു സംബന്ധിച്ച അമിക്കസ് ക്യൂറി ശിപാര്‍ശ ഒരു ജില്ലയില്‍നിന്നും മറ്റൊരു ജില്ലയിലേക്ക് ആനകളെ കൊണ്ടുപോകുമ്പോള്‍ എങ്ങനെ നടപ്പിലാക്കുമെന്ന് കോടതി ചോദിച്ചു.
അമിക്കസ് ക്യൂറിയുടെ ശിപാര്‍ശകള്‍ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.