പാന്പുകടിയേറ്റത് ആരുമറിഞ്ഞില്ല; എട്ടുവയസുകാരിക്കു ദാരുണാന്ത്യം
Wednesday, November 6, 2024 2:33 AM IST
ചിറ്റൂർ: മുത്തശിക്കൊപ്പം രാത്രിയിൽ ഉറങ്ങാന്‍ കിടന്ന എട്ടുവയസുകാരി പാമ്പുകടിയേറ്റു മരിച്ചു. കൊഴിഞ്ഞാന്പാറ വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകള്‍ അസ്ബിയ ഫാത്തിമയാണു പാമ്പുകടിയേറ്റ് മരിച്ചത്.
ഇന്നലെ പുലർച്ചെ 1.30നു വണ്ണാമട മൂലക്കടയിലാണ് സംഭവം. കുട്ടിയുടെകൂടെ ഉറങ്ങാന്‍ കിടന്ന മുത്തശി റഹ്മത്തിനും പാമ്പുകടിയേറ്റിരുന്നു. പാമ്പുകടിയേറ്റ റഹ്മത്ത് ബഹളംവയ്ക്കുകയും എല്ലാവരുംചേര്‍ന്ന് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മുത്തശിക്കു ചികിത്സ നല്‍കിയെങ്കിലും കുട്ടിക്കു പാമ്പുകടിയേറ്റ വിവരം ആരും അറിഞ്ഞില്ല.
മുത്തശിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിച്ചുവരുന്നതിനിടെ പുലര്‍ച്ചെ അസ്ബിയ ഫാത്തിമ തളർന്നുവീഴുകയായിരുന്നു. തുടർന്നുനടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പുകടിയേറ്റതായി അറിയുന്നത്. ചിറ്റൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.