വൈഎംസിഎയുടെ സംഭാവനകൾ മഹത്തരം: ഗവർണർ
Wednesday, November 6, 2024 2:33 AM IST
ആലുവ: സാമൂഹികസേവന മേഖലയിലും കായികരംഗത്തും അന്താരാഷ്ട്രതലത്തിൽ 180 വർഷം പിന്നിട്ട വൈഎംസിഎ പ്രസ്ഥാനം നൽകിയ സംഭാവനകൾ മഹത്തരമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
കേരള വൈഎംസിഎ സപ്തതി ആഘോഷങ്ങളുടെയും സമാധാനയാത്രയുടെ സമാപനത്തിന്റെയും ഉദ്ഘാടനം ആലുവയിലെ ക്യാന്പ് സെന്ററിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഹജീവികൾക്കു സേവനം ചെയ്യുന്നത് ദൈവാരാധനയുടെ മറ്റൊരു രൂപമാണെന്ന് വൈഎംസിഎ പ്രസ്ഥാനം ലോകമെമ്പാടും തെളിയിച്ചു. 2030ൽ ലോകസമാധാനവും സൗഹാർദവും ലക്ഷ്യമിട്ടുള്ള വൈഎംസിഎയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും ഗവർണർ പറഞ്ഞു. ബാസ്കറ്റ് ബോൾ ഗെയിം സൃഷ്ടിച്ചതിന് വൈഎംസിഎ പ്രസ്ഥാനം എക്കാലവും ഓർമിക്കപ്പെടുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
റീജൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി. വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് റിട്ട. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യസന്ദേശം നൽകി.
ദേശീയ ട്രഷറർ റെജി ജോർജ്, ജനറൽ സെക്രട്ടറി എൻ.വി. എൽദോ, റീജൺ വൈസ് ചെയർമാൻ മാനുവൽ കുറിച്ചിത്താനം, റീജൺ സെക്രട്ടറി ഡേവിഡ് സാമുവൽ എന്നിവർ പ്രസംഗിച്ചു.
മുല്ലപ്പെരിയാർ: ആശങ്ക സർക്കാരുകളെ അറിയിക്കും
ആലുവ: മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള മലയാളികളുടെ ആശങ്ക കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അറിയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലുവയിൽ വൈഎംസിഎ ചടങ്ങിനെത്തിയ ഗവർണർ ഭാരവാഹികളെയാണു ഇക്കാര്യം അറിയിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്യണമെന്നും പുതിയ ഡാം നിർമിക്കണമെന്നുമുള്ള പ്രമേയം ആലുവയിൽ നടന്ന എഴുപതാം വർഷ ആഘോഷച്ചടങ്ങിൽ വൈഎംസിഎ ഭാരവാഹികൾ അവതരിപ്പിച്ചിരുന്നു. ഇതിനു പ്രതികരണമായാണ് ഗവർണർ തീരുമാനമറിയിച്ചത്.