മുനന്പം ജനതയ്ക്കൊപ്പം ഇടുക്കി രൂപതയും: മാർ നെല്ലിക്കുന്നേൽ
Wednesday, November 6, 2024 2:33 AM IST
മുനന്പം: കാലങ്ങളായുള്ള വിയർപ്പും കണ്ണീരും സ്വപ്നങ്ങളുമലിഞ്ഞ സ്വന്തം ഭൂമിയുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്ന മുനന്പം ജനതയ്ക്കൊപ്പം ഇടുക്കി രൂപതയും ഉണ്ടെന്ന് ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ.
ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ് മുനന്പത്തു നടക്കുന്നത്. മുനന്പം ജനതയെ വഖഫിന്റെ പേരിൽ കുടിയിറക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. കരിനിയമങ്ങളുടെയോ ഗൂഢമായ അജണ്ടകളുടെയോ പേരിൽ ജനങ്ങളെ കുടിയിറിക്കാൻ ശ്രമം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.
മുനന്പം ജനതയുടെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള കാര്യക്ഷമമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. മുനന്പം വിഷയത്തിന്റെ പേരിൽ സമുദായസ്പർധയുണ്ടാക്കാനുള്ള ശ്രമങ്ങൾ അനുവദിക്കരുതെന്നും മാർ നെല്ലിക്കുന്നേൽ ഓർമിപ്പിച്ചു.
ഇടുക്കി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോർജ് കോയിക്കൽ, കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ജോർജ് കോയിക്കൽ, ഗ്ലോബൽ യൂത്ത് ഓർഗനൈസർ സിജോ ഇലന്തൂർ, ജാഗ്രതാ സമിതി പ്രസിഡന്റ് ബിനോയ്, ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജോർജ്കുട്ടി പുന്നക്കുഴി, ജോസഫ് ചാണ്ടി തേവർപറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ആശങ്കകൾ പരിഹരിക്കണം: മാർത്തോമ്മ മെത്രാപ്പോലീത്ത
തിരുവല്ല: വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ഭയാശങ്കകള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. രാജ്യത്തു നിലനില്‍ക്കുന്ന മതസൗഹാര്‍ദവും സഹോദര്യവും തകരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരും വിവിധ രാഷ്ട്രീയ കക്ഷികളും ആത്മാര്‍ഥമായി ഈ വിഷയത്തില്‍ ഇടപെടണം. രാഷ്ട്രീയ കക്ഷികള്‍ തുറന്ന സമീപനം സ്വീകരിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
എറണാകുളം ജില്ലയിലെ മുനമ്പം, ചെറായി പ്രദേശങ്ങളിലെ അറുനൂറോളം വരുന്ന മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ ജനങ്ങള്‍ സ്വന്തം കിടപ്പാടം നഷ്ടമാകുന്നതിന്റെ ഭീതിയിലാണ്. തലമുറകളായി താമസിച്ചുവരുന്ന ഭൂമിയാണ് ഇവര്‍ക്കു നഷ്ടമാവുന്നത്. സാമൂഹ്യനീതി ലഭ്യമാക്കത്തക്കവിധം എല്ലാവരും നീതി പുലര്‍ത്തുകയും, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുകയുമാണ് ആവശ്യമെന്നും മാർത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
പിന്തുണയറിയിച്ച് സീറോമലബാർ കുടുംബക്കൂട്ടായ്മ
കൊച്ചി: ജനിച്ച മണ്ണും സ്വന്തം വീടും സംരക്ഷിക്കുന്നതിന് മുനമ്പം നിവാസികൾ നടത്തുന്ന അതിജീവനസമരത്തിന് സീറോമലബാർ കുടുംബക്കൂട്ടായ്മ പിന്തുണ പ്രഖ്യാപിച്ചു. മുനന്പത്തെ ജനങ്ങൾ നേരിടുന്ന കുടിയിറക്കുഭീഷണി ഒരു പ്രദേശത്തിന്റെയോ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെയോ മാത്രം പ്രശ്നമായി കാണരുതെന്നും നാടിന്റെ വിഷയവും ആകുലതയുമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
മുനന്പം ജനതയോടുള്ള നീതിനിഷേധത്തിൽ സർക്കാർ മൗനം വെടിഞ്ഞ് തികഞ്ഞ അവധാനതയോടെ പ്രശ്നങ്ങൾ കേൾക്കാനും ചർച്ചകളിലൂടെയും സമവായത്തിലൂടെയും ഉരുത്തിരിയുന്ന പരിഹാരനിർദേശങ്ങൾ പ്രായോഗികമാക്കാനും മുന്നിട്ടിറങ്ങണം. വിവിധ രാഷ്ട്രീയകക്ഷികൾ ഇക്കാര്യത്തിൽ സ്വീകരിച്ചുവരുന്ന പ്രീണനതന്ത്രം തിരുത്തി സമഭാവനയോടെ വിഷയങ്ങൾ പഠിക്കാനും എല്ലാ വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കുന്ന സമീപനം കൈക്കൊള്ളാനും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കുടുംബക്കൂട്ടായ്മാ ഡയറക്ടർ റവ. ഡോ. ലോറൻസ് തൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. രാജു ആന്റണി, സെക്രട്ടറി ഡോ. ഡെയ്സൻ പാണേങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
കിടപ്പാടം സംരക്ഷിക്കാന്‍ പോരാടുന്നവർക്കൊപ്പം: ഡിസിഎംഎസ്
കോട്ടയം: കാലങ്ങളായി മുനമ്പത്തു വസിക്കുന്ന കുടിയിറക്കുഭീഷണി നേരിടുന്ന ജനവിഭാഗങ്ങളോട് നീതി കാണിക്കണമെന്നാവശ്യപ്പെട്ട് ദളിത് കത്തോലിക്കാ മഹാജനസഭ (ഡസിഎംഎസ്) കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെസിബിസി എസ്എസി, എസ്എടി, ബിസി കമ്മീഷന് ചെയര്മാന് ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ.ജോസുകുട്ടി ഇടത്തിനകം, ഡിസിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്റ്റിന് പി. സ്റ്റീഫന്‍, ഡി.എസ്. പ്രബലദാസ്, മത്തായി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ്കറിയ ആന്റണി, ബാബു പീറ്റര്‍, തോമസ് രാജന്, പി.എസ്. സജിമോന്‍, ഷിബു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 20ന് കമ്മീഷന് ചെയര്മാന് ഗീവര്‍ഗീസ് മാര്‍ അപ്രേമിനൊപ്പം മുനമ്പം നിവാസികളുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കാനും യോഗം തീരുമാനിച്ചു.
ശാശ്വത പരിഹാരമുണ്ടാകണം: സിസിസി
കൊച്ചി: മുനമ്പത്ത് കുടിയിറക്കുഭീഷണി നേരിടുന്ന ജനതയുടെ ആശങ്കകൾക്ക് മനുഷ്യത്വപരവും ശാശ്വതവുമായ പരിഹാരമുണ്ടാകണമെന്ന് കൗൺസിൽ ഫോർ കമ്യൂണിറ്റി കോ-ഓപ്പറേഷൻ (സിസിസി) പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുകയും ജനങ്ങളുടെ ആശങ്കകളകറ്റുന്ന പ്രശ്നപരിഹാരം ഉണ്ടാക്കുകയും വേണമെന്നും സിസിസി പ്രവർത്തകസമിതി ആവശ്യപ്പെട്ടു.
നാളെ രാവിലെ 11ന് സിസിസിയുടെ നേതൃത്വത്തിൽ മുനന്പം സത്യഗ്രഹ സമരപ്പന്തൽ സന്ദർശിക്കാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഡോ. പി. ഗൾഫാർ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ വിഷയാവതരണം നടത്തി. ട്രഷറർ റവ.ഡോ. ആന്റണി വടക്കേക്കര പ്രമേയം അവതരിപ്പിച്ചു.
മുനമ്പം സമരം 25-ാം ദിനത്തിൽ
മുനമ്പം: ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്കായുള്ള മുനമ്പം നിവാസികളുടെ സമരം 25 -ാം ദിനത്തിൽ. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ, മാനന്തവാടി സഹായ മെത്രാൻ മാർ അലക്സ് താരമംഗലം, കോട്ടപ്പുറം ബിഷപ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, കോഴിക്കോട് രൂപതാ പ്രതിനിധികൾ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ തുടങ്ങിയവർ ഇന്നലെ സമരപ്പന്തൽ സന്ദർശിച്ചു.