സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കി
Wednesday, November 6, 2024 2:33 AM IST
കൊച്ചി: നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍നിന്ന് പുറത്താക്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സാന്ദ്ര സംഘടനയ്ക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിശദീകരണം ചോദിച്ചിരുന്നു. ഇവര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് അസോസിയേഷന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഇതും തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സാന്ദ്രയെ അസോസിയേഷനില്‍നിന്ന് പുറത്താക്കിയത്.
ഈ വിവരം സാന്ദ്രയെ കത്ത് മുഖേന അറിയിച്ചതായി അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. സാന്ദ്രാ തോമസിന്റെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നല്കി.
സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര, പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പത്തോളം നിര്‍മാതാക്കള്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുക്കുകയുണ്ടായി. ഇവര്‍ പിന്നീട് മുന്‍കൂര്‍ ജാമ്യവും നേടിയിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് സാന്ദ്രക്കെതിരായ നടപടി.