റെയിൽപാളത്തിൽ സാധനങ്ങൾ കണ്ടെത്തിയ സംഭവം: പോലീസ് പരിശോധന നടത്തി
Wednesday, November 6, 2024 2:33 AM IST
കാസർഗോഡ്: പള്ളത്ത് റെയിൽപാളത്തിൽ സാധനങ്ങൾ കെട്ടിവച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാസർഗോഡ് ടൗൺ പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരപ്രദേശങ്ങളിലെ സിസിടിവി കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്.
ഒരു വെളിച്ചെണ്ണക്കുപ്പിയും ചെറിയ ചില്ലുകുപ്പിയും ഏതാനും നാണയങ്ങളും ലോഹക്കഷണങ്ങളും സെല്ലോടേപ്പ് കൊണ്ടു ചുറ്റിയ നിലയിലാണ് രണ്ടു വശത്തേക്കുള്ള റെയിൽപാതകളിലും കെട്ടിവച്ചിരുന്നത്. പാളങ്ങൾക്കു മുകളിൽ വെളിച്ചെണ്ണ ഒഴിക്കുകയും ചെയ്തിരുന്നു. ഇത് കരുതിക്കൂട്ടി ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണോ എന്നാണു സംശയം.
കണ്ണൂർ ഭാഗത്തേക്കുള്ള പാതയിലൂടെ ട്രെയിൻ കടന്നുപോയിരുന്നെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. ഇതിനുശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ ജീവനക്കാരനാണ് സാധനങ്ങൾ കണ്ടെത്തിയത്.
നേരത്തേ ഇതേ സ്ഥലത്തും നെല്ലിക്കുന്നിലും കളനാട്ടും പാളത്തിനു മുകളിൽ കരിങ്കൽ ചീളുകൾ നിരത്തിവച്ച സംഭവങ്ങളുണ്ടായിരുന്നു. സമീപപ്രദേശങ്ങളിലെ കുട്ടികളാണ് ഇതിനു പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കാര്യത്തിന്റെ ഗൗരവമറിയാതെ ചെയ്തതാകാമെങ്കിലും തീവ്രവാദ ആശയങ്ങളുള്ള മുതിർന്നവരുടെ സ്വാധീനം ഇതിനു പിന്നിലുണ്ടോ എന്നാണ് പോലീസിന്റെ സംശയം.
സമാനമായ സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഗൗരവമായ അന്വേഷണം നടത്തി കർശന നടപടികളെടുക്കാനാണു പോലീസിന്റെ നീക്കം.
റെയിൽവേ പോലീസ് പാലക്കാട് ഡിവിഷൻ ഡിവൈഎസ്പി സന്തോഷ് കുമാർ, കോഴിക്കോട് സിഐ സുധീർ മനോഹർ, കാസർഗോഡ് എസ്ഐ എം.വി.പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ബോംബ്, ഡോഗ് സ്ക്വാഡുകളും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വെളിച്ചെണ്ണക്കുപ്പി തുറക്കാനുപയോഗിച്ച രണ്ടു ബ്ലേഡുകൾ സ്ഥലത്തുനിന്നു കണ്ടെത്തി.
ടൗൺ എസ്ഐ പി.അഖിലേഷ്, എഎസ്ഐമാരായ എൻ. അരവിന്ദൻ, ടി. രാമചന്ദ്രൻ, ബോംബ് സ്ക്വാഡിലെ കെ.പി. അനൂബ്, ഡോഗ് സ്ക്വാഡിലെ ടിനോ തോമസ്, അനീഷ് കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.