മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്ട്സ്ആപ് ഗ്രൂപ്പ് ഗോപാലകൃഷ്ണന്റെ ഫോണ് ഹാക്ക് ചെയ്തിട്ടില്ല
Wednesday, November 6, 2024 2:33 AM IST
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ മതാടിസ്ഥാനത്തിലുള്ള വാട്സ് ആപ് ഗ്രൂപ്പ് ഐഎഎസ് ഉദ്യോഗസ്ഥനായ കെ. ഗോപാലകൃഷ്ണൻ രൂപീകരിച്ചതായി സൈബർ പോലീസ്. തന്റെ ഫോണ് ഹാക്ക് ചെയ്തതായ കെ. ഗോപാലകൃഷ്ണന്റെ പരാതി ശരിയല്ലെന്നും വാട്സ് ആപ് നൽകിയ മറുപടിയിൽ സൈബർ പോലീസിനെ അറിയിച്ചു.
മതാടിസ്ഥാനത്തിൽ വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചെങ്കിലും വർഗീയമായ ഒന്നും ഗോപാലകൃഷ്ണൻ ഇതിൽ പോസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പോലീസിന്റെ നിലപാട്. വ്യവസായ- വാണിജ്യ വകുപ്പു ഡയറക്ടറായ കെ. ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിൽ വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചത് ഏറെ വിവാദമായിരുന്നു.
അതേസമയം, ഗോപാലകൃഷ്ണൻ സൈബർ പോലീസിനു തന്റെ ഫോണ് ഫോർമാറ്റ് ചെയ്ത ശേഷം കൈമാറിയതിനാൽ കൂടുതൽ മുൻ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫോർമാറ്റിലൂടെ മാറ്റിയ പോസ്റ്റുകൾ കണ്ടെത്തുന്നതിനുള്ള മാർഗവും സൈബർ പോലീസ് സ്വീകരിക്കും. ഇതിൽ വർഗീയ പരാമർശങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ കേസെടുക്കുന്ന കാര്യത്തിൽ പോലീസ് പുനരാലോചന നടത്തും.
അതേസമയം, ഗോപാലകൃഷ്ണൻ മതാടിസ്ഥാനത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിച്ചെന്നും അദ്ദേഹത്തിന്റെ ഫോണ് ഹാക്ക് ചെയ്തിട്ടില്ലെന്നുമുള്ള വാട്സ് ആപ് നൽകിയ മറുപടി പോലീസ് സർക്കാരിനേയും അറിയിക്കും.
ഇതിനു ശേഷമാകും സർക്കാർ തലത്തിൽ ഗോപാലകൃഷ്ണനെതിരേ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മതാടിസ്ഥാനത്തിൽ വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിക്കുന്നത് സർക്കാർ ചട്ടങ്ങളുടെ ലംഘനമാണ്.
തന്റെ ഫോണ് ഹാക്ക് ചെയ്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നാണു ഗോപാലകൃഷ്ണൻ സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതി.
ഒക്ടോബർ 30നാണ് മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ ഗോപാലകൃഷ്ണൻ വാട്സ് ആപ് കൂട്ടായ്മ രൂപീകരിച്ചത്. വിവാദമായതിനു പിന്നാലെ ഇത് ഉപേക്ഷിക്കുകയായിരുന്നു.