പിന്നോട്ടില്ലെന്ന് വഖഫ് ബോർഡ്; മുനന്പം തുടക്കം മാത്രമെന്ന് ചെയർമാൻ
Wednesday, November 6, 2024 2:33 AM IST
കൊച്ചി: മുനന്പം ജനതയെയും സംസ്ഥാന സർക്കാരിനെയും വെല്ലുവിളിച്ച് വഖഫ് ബോർഡ് രംഗത്ത്. വഖഫായി രജിസ്റ്റര്‍ ചെയ്ത ഭൂമിയിൽ താമസക്കാരുണ്ടെങ്കിൽ അവര്‍ക്ക് നോട്ടീസ് അയയ്ക്കുന്നത് വഖഫ് നിയമത്തിന്റെ ഭാഗമാണെന്നും മുനന്പത്തെ 12 വീട്ടുകാർക്ക് ഇത്തരത്തിൽ നോട്ടീസ് അയച്ചതായും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് അഡ്വ. എം.കെ. സക്കീര്‍ ഇന്നലെ കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ വ്യക്തമാക്കി.
പാവപ്പെട്ട തീരദേശജനതയുടെ ജീവൽപ്രശ്നം കേരളമൊട്ടാകെ ഏറ്റെടുക്കുകയും പ്രശ്നം പരിഹരിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുകയും ചെയ്യുന്നതിനിടയിലാണ് വഖഫ് ബോർഡിന്റെ ധിക്കാരപരമായ നിലപാട്.
1950ലെ വഖഫ് ആധാരത്തില്‍ വരുന്ന രേഖകൾ പ്രകാരമാണ് 12 കുടുംബങ്ങൾക്കു നോട്ടീസ് അയച്ചത്. ആ കുടുംബങ്ങളുടെ വാദം കേട്ടുകൊണ്ടിരിക്കുന്ന നടപടിയാണ് ഇപ്പോൾ നടക്കുന്നത്. അവർക്ക് അതു വഖഫല്ലെന്നും തങ്ങളുടെ ഭൂമിയാണെന്നും തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ ഹാജരാക്കാം.
മുനന്പത്തെ താമസക്കാരെ പെട്ടെന്നു കുടിയിറക്കുകയെന്ന തീരുമാനത്തിലല്ല ബോർഡ് മുന്നോട്ടു പോകുന്നത്. വഖഫ് ഭൂമികൾ സംരക്ഷിക്കേണ്ടത് ബോർഡിന്റെ കടമയാണ്. ഏതെല്ലാം ആധാരങ്ങള്‍ വഖഫ് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നതു പരിശോധിച്ചിട്ടുള്ള നടപടികളാണു നടത്തുന്നത്. വഖഫ് ബോര്‍ഡ് അര്‍ധ ജുഡീഷല്‍ സ്ഥാപനമാണ്.
വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് കോടതികളിലും ബോര്‍ഡിലുമെല്ലാം പരിശോധന നടന്നുകൊണ്ടിരിക്കുന്നുണ്ട്. ആ പരിശോധനയുടെ അന്തിമഫലം എന്താണോ അതനുസരിച്ചാകും ബോര്‍ഡ് പ്രവര്‍ത്തിക്കുക. ഏതെങ്കിലും സ്വത്ത് വഖഫായി രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ മാത്രമേ വഖഫ് ബോര്‍ഡിന് അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാകൂ.
രജിസ്റ്റര്‍ ചെയ്യാതെ മാറിനില്‍ക്കുന്നത് വഖഫ് ബോര്‍ഡിന്റെ സ്വത്തുസംരക്ഷണത്തോട് ചെയ്യുന്ന അനീതിയാണ്. വഖഫിനു മുമ്പാകെ രജിസ്റ്റര്‍ ചെയ്തശേഷം 1950നുശേഷം ആരെങ്കിലും അതിനകത്തുണ്ടെങ്കില്‍ അവര്‍ക്ക് നോട്ടീസ് അയയ്ക്കണമെന്നതും ചട്ടമാണ്.
ആരെയും കുടിയൊഴിപ്പിക്കാനോ ഇല്ലാത്ത അവകാശം സ്ഥാപിക്കാനോ അല്ല വഖഫ് ബോർഡ് ശ്രമിക്കുന്നത്. വഖഫ് സ്വത്താണെങ്കില്‍ ഉള്ള അവകാശം ഉറപ്പാക്കും. ഇല്ലാത്തതെങ്കില്‍ അത് അവകാശപ്പെട്ടവര്‍ക്ക് കൊടുക്കും. സംസ്ഥാനത്തെ മൊത്തം വഖഫ് സ്വത്തുക്കളെ സംബന്ധിച്ചിടത്തോളം മുനന്പം വിഷയം ഒരു തുടക്കമാണ്.
കേരളത്തില്‍ വഖഫ് സ്വത്തുക്കള്‍ പലയിടത്തുമുണ്ട്. അതിനകത്ത് പലരും കൈയേറിയിട്ടുണ്ടാകാമെന്ന ആക്ഷേപങ്ങളുണ്ടെങ്കിൽ അതു പരിശോധിക്കപ്പെടണം. മുനന്പം വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചിട്ടുള്ള ഉന്നതതല യോഗത്തിൽ വഖഫ് ബോർഡിന്റെ ഭാഗത്തുനിന്നുള്ള രേഖകൾ സമർപ്പിക്കുമെന്നും ചെയര്മാന് പറഞ്ഞു. വഖഫ് ബോർഡ് യോഗം ഇന്നലെ കൊച്ചിയിൽ നടന്നു.
അതേസമയം, മുനന്പം അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയും സംസ്ഥാനത്ത് കൂടുതൽ പ്രദേശങ്ങളിൽ തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിയുണ്ടെന്നുമുള്ള വഖഫ് ബോർഡ് ചെയർമാന്റെ നിലപാട് പ്രശ്നം കൂടുതൽ സങ്കീർണമാക്കാനേ ഉപകരിക്കൂവെന്നാണ് വിലയിരുത്തൽ.
സക്കീർ രണ്ടാം പിണറായി സർക്കാരിന്റെ നോമിനി
2023 ഓഗസ്റ്റിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് എം.കെ. സക്കീറിനെ വഖഫ് ബോർഡ് അംഗമായി നിയമിച്ചത്. തുടർന്ന് നടന്ന വഖഫ് ബോർഡ് യോഗം ഇദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുക്കുകയായിരുന്നു.
ടി.കെ. ഹംസ രാജിവച്ച ഒഴിവിലാണ് സക്കീറിനെ വഖഫ് ബോർഡ് അംഗമായി സർക്കാർ നിയമിച്ചത്. ബോർഡിലെ 10 അംഗങ്ങൾ ചേർന്ന് ഏകകണ്ഠമായാണ് ചെയർമാനെ തെരഞ്ഞെടുത്തത്. പിഎസ്സി മുൻ ചെയർമാനാണ്.
“കള്ളക്കളി പുറത്തു വന്നു”
മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫറൂഖ് കോളജ് മാനേജ്മെന്റ് പണം വാങ്ങി വിറ്റ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നത്? പ്രശ്നം കോടതിയില്‍ പരിഹരിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്മാന് പറഞ്ഞതിലൂടെ കള്ളക്കളി പുറത്തു വന്നിരിക്കുകയാണ്.
കേരളത്തില്‍ ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് കോടതിയില്‍ സ്വീകരിക്കാന്‍ ബോര്‍ഡിനോടു സര്‍ക്കാര്‍ നിര്‍ദേശിക്കണം.
അല്ലെങ്കില്‍ കോടതിക്കു പുറത്ത് പ്രശ്നം പരിഹരിച്ച് കോടതിയെ അറിയിക്കണം. ഇതൊന്നും ചെയ്യാതെ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണ്. മുസ്ലിം സംഘടനകള്‍ക്കും മുസ്ലിം ലീഗിനും ഇല്ലാത്ത വാശി വഖഫ് ബോര്‍ഡ് ചെയര്മാന് കാണിക്കുന്നത് എന്തിനാണ്? സംസ്ഥാന വഖഫ് ബോര്‍ഡാണ് അനാവശ്യമായി നിയമപ്രശ്നമുണ്ടാക്കിയത്.
-പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ