ട്രെയിനിടിച്ചു മരണം: കരാറുകാരനെതിരേ ക്രിമിനൽ നടപടിക്കു റെയിൽവേ
Wednesday, November 6, 2024 2:33 AM IST
ഷൊർണൂർ: ഷൊർണൂരിൽ ട്രെയിനിടിച്ച് നാലു തൊഴിലാളികൾ മരിച്ച സംഭവത്തിൽ കരാറുകാരന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി. കരാറുകാരന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച സംഭവിച്ചതാണു തൊഴിലാളികൾ കൊല്ലപ്പെടാൻ കാരണമായതെന്ന കണ്ടെത്തലിനെതുടർന്നാണു നടപടി. ഇയാൾക്കെതിരേ ക്രിമിനൽ നിയമനടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, നാലുപേര്‍ ട്രെയിനിടിച്ചു മരിച്ച സംഭവത്തിൽ റെയിൽവേയുടെ ഭാഗത്തു സുരക്ഷാവീഴ്ചയില്ലെന്നു പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ വ്യക്തമാക്കി. ട്രാക്കിലൂടെ നടക്കുന്നതിനുമുമ്പ് ആർപിഎഫിന്റെ അനുമതി വാങ്ങിയില്ല.
തൊഴിലാളികൾ നടന്ന പാളത്തിൽ ട്രെയിനുകൾക്കു വേഗപരിധിയില്ല. ശുചീകരണതൊഴിലാളികൾ ട്രാക്കിലൂടെ നടന്നതു പിഴവാണെന്നും ട്രാക്കിനു തൊട്ടടുത്തുള്ള റോഡ് ഉപയോഗിച്ചില്ലെന്നും റെയിൽവേ കുറ്റപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപവീതം റെയിൽവേ നൽകും. തമിഴ്നാട് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങൾക്കു ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നു ലക്ഷം രൂപ വീതമാണു നൽകുക.