ശോഭ സുരേന്ദ്രനെതിരേ പ്രതിഷേധം; ശോഭ കെടുത്തിയതിനെതിരേ കേന്ദ്രനടപടി വരും
Wednesday, November 6, 2024 2:33 AM IST
തൃശൂർ: പാർട്ടിയോടു കൂടിയാലോചിക്കാതെ തന്നിഷ്ടപ്രകാരമുള്ള ശോഭ സുരേന്ദ്രന്റെ പോർവിളി പത്രസമ്മേളനങ്ങൾക്കെതിരേ ബിജെപിയിൽ കടുത്ത പ്രതിഷേധം. ശോഭയ്ക്കെതിരേ കേന്ദ്രത്തിൽനിന്നു കടുത്ത നടപടി വരുമെന്നു നേതാക്കൾ സൂചിപ്പിച്ചു.
കൊടകര കുഴൽപ്പണക്കേസിൽ ശോഭ സുരേന്ദ്രൻ അനാവശ്യ ഇടപെടൽ നടത്തിയെന്നാണു പാർട്ടി വിലയിരുത്തൽ. സംഭവത്തിൽ വെളിപ്പെടുത്തൽ നടത്തിയ ബിജെപി മുൻ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂർ സതീഷുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞതും പിന്നീട് സതീഷ് ഫോട്ടോ പുറത്തുവിട്ടതുമെല്ലാം പാർട്ടിക്കു ക്ഷീണമുണ്ടാക്കി. പാർട്ടി നേതൃത്വത്തിനെതിരേയുള്ള പരോക്ഷ വെല്ലുവിളികളും കേന്ദ്രത്തിൽ പിടിയുണ്ടെന്ന വീരവാദവും അണികൾക്കിടയിൽ നീരസമുണ്ടാക്കി.
ശോഭയുടെ ഡ്രൈവറായി സതീഷ് പ്രവർത്തിച്ചിട്ടുണ്ടെന്നു ബിജെപി ജില്ലാ നേതാക്കൾതന്നെ വ്യക്തമാക്കുന്നു. സതീഷിനു പിന്നിൽ ശോഭയാണെന്നു കരുതുന്നില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെങ്കിലും ശോഭയാണു മാസ്റ്റർ ബ്രെയിൻ എന്നുതന്നെയാണ് പല നേതാക്കളും കരുതുന്നത്.
പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന, സമൂഹത്തിൽ ഉയർന്ന വ്യക്തിത്വമുള്ളവരെ പേരെടുത്തു പറഞ്ഞ് അപമാനിച്ചെന്നും നേതാക്കൾക്കിടയിൽ ആക്ഷേപമുണ്ട്.
ഉപതെരഞ്ഞെടുപ്പുകാലത്ത് സംസ്ഥാന നേതൃത്വം നിർണായക നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടെയുണ്ടായ ശോഭയുടെ ഇടപെടലിലെ നീരസം നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ശോഭയുടെ, പാർട്ടിക്കൊപ്പമുള്ളവരെ വെറുപ്പിക്കുന്ന തരത്തിലുള്ള തന്നിഷ്ടപ്രകടനങ്ങളും പോർവിളി ഡയലോഗുകളും പാർട്ടിക്കുള്ളിൽ വ്യാപക എതിർപ്പുണ്ടാക്കിയിട്ടുണ്ട്.
അനവസരത്തിലുള്ള ശോഭയുടെ ഇടപെടൽ, വിജയപ്രതീക്ഷയുമായി മുന്നേറിയ പാലക്കാട്ട് പാർട്ടിക്കു തളർച്ചയുണ്ടാക്കിയതായാണ് വിലയിരുത്തപ്പെടുന്നത്.