കേരളത്തിലെ വഖഫ് ഭൂമി വിവരം സർക്കാർ പ്രസിദ്ധീകരിക്കണം: ജാവദേക്കർ
Wednesday, November 6, 2024 2:33 AM IST
പാലക്കാട്: കേരളത്തിലെ വഖഫ് ഭൂമി സംബന്ധിച്ച വിവരം സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേകർ.
കേരളത്തിൽ എത്ര വഖഫ് ഭൂമിയുണ്ടെന്നും വഖഫ് ബോർഡ് എത്ര സർക്കാർ ഭൂമിയും സ്വകാര്യ ഭൂമിയും കർഷകഭൂമിയും അവകാശപ്പെടുന്നുവെന്ന വിശദാംശങ്ങളും സർക്കാർ പുറത്തുവിടണം. ഇതിന്റെയെല്ലാം റിക്കാർഡ് സർക്കാരിന്റെ കൈവശമുള്ളതിനാൽ ഒരാഴ്ചയ്ക്കകം വിവരം പുറത്തുവിടാൻ കഴിയും.
വഖഫിനെക്കുറിച്ചുള്ള നിസാർ കമ്മിറ്റി റിപ്പോർട്ട് 15 വർഷം പഴക്കമുള്ളതാണ്. അതിനുശേഷം നിരവധി പുതിയ അവകാശവാദങ്ങൾ വഖഫ് ഉന്നയിച്ചിട്ടുണ്ട്. അതിനാൽ, സർക്കാർ ഏറ്റവും പുതിയ വിശദമായ പ്രസ്താവന പുറത്തിറക്കണം.
വഖഫ് നിയമഭേദഗതി ബിൽ പാർലമെന്റിൽ ചർച്ചചെയ്യുകയോ വോട്ടിനിടുകയോ ചെയ്തിട്ടില്ലെങ്കിലും യുഡിഎഫും എൽഡിഎഫും അതിനെതിരേ ഏകകണ്ഠമായി നിയമസഭയിൽ പ്രമേയം പാസാക്കി. വിഷയം ജെപിസിയിലാണ്. എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ ഭേദഗതികളെ എതിർക്കുകയും വഖഫിന്റെ പക്ഷംപിടിക്കുകയും ചെയ്യുന്നു.
ഒരു രാജ്യത്ത് എങ്ങനെയാണ് രണ്ടു നിയമങ്ങളുണ്ടാകുന്നത്. ഒരു ക്ഷേത്രത്തെക്കുറിച്ചോ ഗുരുദ്വാരയെക്കുറിച്ചോ പള്ളിയെക്കുറിച്ചോ സ്വത്തുതർക്കമുണ്ടെങ്കിൽ നിങ്ങൾക്കു കോടതികളെ സമീപിക്കാം. എന്നാൽ, വഖഫ് ഭൂമിയെക്കുറിച്ച് തർക്കമുണ്ടെങ്കിൽ കോടതികളെ സമീപിക്കാൻ കഴിയില്ലെന്നും ജാവദേക്കർ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.