ജാതി സര്‍ട്ടിഫിക്കറ്റില്‍ അന്വേഷണം നടത്താന്‍ പിഎസ്സിക്ക് അധികാരമില്ല: ഹൈക്കോടതി
Wednesday, November 6, 2024 2:33 AM IST
കൊച്ചി: ജാതി സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയാല്‍ അന്വേഷണം നടത്താന്‍ പിഎസ്സിക്ക് അധികാരമില്ലെന്നു ഹൈക്കോടതി.
ഇക്കാര്യത്തില്‍ വ്യക്തത തേടി റവന്യു വകുപ്പിനെ സമീപിക്കുകയാണു വേണ്ടതെന്നും ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി.എം. മനോജ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
നാടാർ വിഭാഗത്തിനായി നീക്കിവച്ച ഫയര്മാന് തസ്തികയിലേക്കുള്ള നിയമനം മതം മാറിയെന്ന പേരില്‍ നിഷേധിച്ച പിഎസ്സി നടപടി ചോദ്യംചെയ്ത് തിരുവനന്തപുരം സ്വദേശി എസ്.പി. അനു നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
2015ല്‍ ആദ്യം ജയില്‍ വാര്ഡനായാണു ഹര്ജിക്കാരന് നിയമനം ലഭിച്ചത്. പിന്നീട് ഫയര്‍മാനായി ജോയിൻ ചെയ്തു. ഇതിനു പിന്നാലെ ജാതിയുടെ കാര്യത്തില്‍ തട്ടിപ്പു കാണിച്ചുവെന്നാരോപിച്ച് പിഎസ്സി കാരണം കാണിക്കല്‍ നോട്ടീസ് നല്കി. 2011ല്‍ അപേക്ഷ അയച്ചതിനു പിന്നാലെ ഹര്ജിക്കാരന് ക്രിസ്തു മതത്തിലേക്ക് മാറിയെന്നും പിന്നീട് 2014ല്‍ വീണ്ടും ഹിന്ദു നാടാര്‍ വിഭാഗത്തിലേക്ക് മാറിയെന്നുമായിരുന്നു പിഎസ്സിയുടെ ആരോപണം.
താന്‍ മതം മാറിയിട്ടില്ലെന്നും ക്രിസ്ത്യന്‍ വിഭാഗത്തിലുള്ള യുവതിയെ വിവാഹം കഴിച്ചതിന്റെ ചടങ്ങാണു പള്ളിയില്‍ നടന്നതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ജാതി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്കിയപ്പോള് വില്ലേജ് ഓഫീസറാണ് ആര്യ സമാജത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും വിജ്ഞാപനവും വേണമെന്നാവശ്യപ്പെട്ടത്. എസ്എസ്എല്സിയടക്കമുള്ള സര്‍ട്ടിഫിക്കറ്റില്‍ ഹിന്ദു നാടാര്‍ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബോധിപ്പിച്ചു.
വിജ്ഞാപനംതന്നെ മതം മാറിയെന്നതിനു തെളിവായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും തീരുമാനത്തില്‍ തെറ്റില്ലെന്നുമായിരുന്നു പിഎസ്സിയുടെ വാദം. എന്നാല്‍, ഇക്കാര്യത്തില്‍ അന്വേഷണം നടത്തേണ്ടത് ജാതി സര്‍ട്ടിഫിക്കറ്റ് നല്കിയ റവന്യു വകുപ്പാണെന്ന് കോടതി വ്യക്തമാക്കി.