പോളിടെക്നിക്കിലെ കഞ്ചാവുവേട്ട; മുഖ്യപ്രതികള്‍ അറസ്റ്റില്‍
Saturday, March 15, 2025 11:52 PM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്നു (പെരിയാര്‍) പിടികൂടിയ കഞ്ചാവ് എത്തിയത് ഇതരസംസ്ഥാനക്കാരനായ ലഹരി ഇടപാടുകാരനില്‍നിന്ന്. ഉത്തരേന്ത്യയില്‍നിന്നു കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചു സംസ്ഥാനത്ത് വില്പന നടത്തുന്ന ഇയാളെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഇയാളില്‍നിന്നു കഞ്ചാവ് വാങ്ങി ഹോസ്റ്റലില്‍ വില്പനയ്ക്കെത്തിച്ച കോളജിലെ പൂര്‍വവിദ്യാര്‍ഥികളായ ആലുവ എടയപ്പുറം സ്വദേശി ആഷിഖ്(20), ദേശം സ്വദേശി കെ.എസ്. ഷാലിക് (21) എന്നിവരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു. ഷാലികിനെ വീട്ടില്‍നിന്നും ആഷിഖിനെ കളമശേരി പരിസരത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്ക് വിവിധയിടങ്ങളില്‍നിന്ന് മൊത്തമായും ചില്ലറയായും കഞ്ചാവും മറ്റു ലഹരി ഉത്പന്നങ്ങളും എത്തിച്ചുനല്‍കിയിരുന്ന ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
ആവശ്യമനുസരിച്ച് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുവെന്നാണ് ഇവര്‍ പോലീസിനു നല്‍കിയിട്ടുള്ള മൊഴി. ഇവരില്‍നിന്നു ലഭിച്ചിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒരുങ്ങുകയാണ് പോലീസ്. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനുള്ള നീക്കം ആരംഭിച്ചു. കൂടുതല്‍ വിവരശേഖരണത്തിനുശേഷം കസ്റ്റഡി അപേക്ഷ നല്‍കും.
കഴിഞ്ഞദിവസം അറസ്റ്റിലായ വിദ്യാര്‍ഥികളുടെ മൊഴിയില്‍നിന്നാണ് പൂര്‍വ വിദ്യാര്‍ഥികള്‍ക്കെതിരായ തെളിവുകള്‍ ലഭിച്ചത്. കഴിഞ്ഞവര്‍ഷം കോളജില്‍നിന്നു പഠിച്ചിറങ്ങിയവരാണ് ഇരുവരും. ആഷിഖ് നിരന്തരം കോളജ് ഹോസ്റ്റലില്‍ എത്താറുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കച്ചവടം വാട്സ്ആപ്പില്‍; സാമ്പത്തിക ഇടപാടിലും അന്വേഷണം
ആഷിഖിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഹോസ്റ്റലിനുപുറത്തേക്കും ഇവരുടെ ലഹരിശൃംഖല ഉണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
ഇയാളുടെ മൊബൈല്‍ ഫോണും പോലീസ് പരിശോധിച്ചുവരുകയാണ്. ഹോസ്റ്റലില്‍ കഞ്ചാവ് വില്പന നടത്തിയത് ഓഫറിലായിരുന്നുവെന്നാണ് വിവരം. മുന്‍കൂറായി പണം നല്കുന്നവര്ക്കാണ് ഓഫര്‍ ആനുകൂല്യം ലഭിക്കുക.
കഞ്ചാവ് വില്പനയ്ക്കായി പ്രത്യേക വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു ഇടപാട്. നിരവധി വിദ്യാര്‍ഥികളില്‍നിന്നും ഇത്തരത്തില്‍ പണം പിരിച്ചതായാണു വിവരം. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ആകാശിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
ആകാശിന്റെ മുറിയില്‍ താമസിച്ചിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പരിശോധന നടക്കുമ്പോള്‍ ഇവര്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. തെളിവു ലഭിച്ചാല്‍ ഇവരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
ഷാലിക്കിന് കഞ്ചാവ് നല്‍കിയത് ഇതര സംസ്ഥാനക്കാരന്
ഇതരസംസ്ഥാനക്കാരനായ തൊഴിലാളി ഷാലിക്കിനാണ് കഞ്ചാവ് കൈമാറിയത്. ഷാലിക് ഇത് ആഷിഖിനു നല്കി. ആഷിഖാണ് ആകാശിനു കൈമാറിയത്. ഇതരസംസ്ഥാനക്കാരനായ തൊഴിലാളിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.
13ന് രാത്രി എട്ടിനാണ് ആഷിഖ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയത്. ഇരുവരും മുമ്പും കോളജില്‍ ലഹരിവില്പന നടത്തിയിരുന്നതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.