അധ്യാപകര്ക്കെതിരേ പരാതിയിൽ കേസെടുക്കും മുമ്പ് പ്രാഥമികാന്വേഷണം നടത്തണം: കോടതി
Saturday, March 15, 2025 1:49 AM IST
കൊച്ചി: അധ്യാപകര്‍ക്കെതിരേയുള്ള പരാതികളില്‍ കേസെടുക്കുംമുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നു ഹൈക്കോടതി. ഉടനടി കേസെടുക്കരുത്. ഇതില്‍ കഴമ്പുണ്ടോയെന്നാണ് ആദ്യം അറിയേണ്ടത്.
വിദ്യാലയങ്ങളില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ അധ്യാപകര്‍ ചെറിയ ചൂരല്‍ കൈയില്‍ കരുതട്ടെയെന്നും ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് നിർദേശിച്ചു. ആറാം ക്ലാസുകാരനെ ചൂരലിന് അടിച്ചെന്ന പരാതിയില്‍ വിഴിഞ്ഞം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നവരാണ് അധ്യാപകര്‍. കുട്ടികളുടെ മനസും ഹൃദയവുമൊക്കെ രൂപപ്പെടുത്തുന്ന അവര്‍ യഥാര്‍ഥത്തില്‍ പുതുതലമുറയുടെ ശില്പികളാണ്. അധ്യാപകര്‍ കാണാന്‍ പഠിപ്പിച്ച സ്വപ്നങ്ങളാണ് പിന്നീട് ലോകത്തെ രൂപപ്പെടുത്തുന്നത്.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നല്കിയാല് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകര്‍ ജോലി ചെയ്യേണ്ടത്. ഡെമോക്ലീസിന്റെ വാൾപോലെ അത്തരമൊരു ഭീതി അധ്യാപകരുടെമേല്‍ ഉണ്ടാകരുത്. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കു സ്വാതന്ത്ര്യം വേണം. അതിനു സഹായമായ അന്തരീക്ഷം സ്കൂളിലും സൃഷ്ടിക്കണം. അധ്യാപകര്‍ ചൂരല്‍ പ്രയോഗിക്കാതെ വെറുതെ കൈയില്‍ കരുതുന്നതു പോലും കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.
യുവതലമുറയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നതാണ്. ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. പണ്ട് സ്കൂളുകളില്‍ അച്ചടക്കമുണ്ടാകാന്‍ അധ്യാപകരുടെ നിഴല്‍ മതിയായിരുന്നു. ഇന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന്റെയും തടഞ്ഞുവച്ചതിന്റെയും മര്‍ദിച്ചതിന്റെയും വാര്‍ത്തകളാണു കേള്‍ക്കുന്നത്. ഈ രീതി പ്രോത്സാഹിപ്പിക്കാനാകില്ല. പരാതി ലഭിച്ച ശേഷം നടത്തുന്ന പ്രാഥമികാന്വേഷണ ഘട്ടത്തില്‍ അധ്യാപകരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍, ന്യായീകരണമില്ലാത്ത യുക്തിരഹിതമായ പീഡനം കുട്ടികള്‍ക്കുമേൽ പ്രയോഗിക്കാമെന്ന് ഇതിനര്‍ഥമില്ലെന്നും കോടതി വ്യക്തമാക്കി.