ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
Saturday, March 15, 2025 1:49 AM IST
കൊച്ചി: ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പന തടയാന്‍ ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് നിര്‍മിക്കുന്നതും വില്‍ക്കുന്നതും അറിയിക്കാന്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപ്പാക്കിയ മാതൃകയിലുള്ള മൊബൈല്‍ ആപ് സംസ്ഥാന ബോര്‍ഡ് മൂന്നു മാസത്തിനകം വികസിപ്പിക്കണം.
ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരേ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും തടയണമെന്നാവശ്യപ്പെട്ട് മലപ്പുറം സ്വദേശി കെ.വി. സുധാകരന് നല്കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ് പ്രകാരമുള്ള രജിസ്ട്രേഷനെടുക്കാത്ത സ്ഥാപനങ്ങള്‍ ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് സാധനങ്ങളുണ്ടാക്കി വില്‍ക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.
എന്നാല്‍, ഇതു തടയാന്‍ നടപടി സ്വീകരിച്ചതായി സര്‍ക്കാരും മലിനീകരണ നിയന്ത്രണ ബോര്‍ഡും കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതി മാര്‍ഗനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചത്.
പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണവും വില്പനയും തടയാന്‍ തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡും നടപടി സ്വീകരിക്കണം.
തദ്ദേശ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡും ചേര്‍ന്നും അല്ലാതെയും തെരച്ചില്‍ നടത്തണം.
മാളുകളിലും മാര്‍ക്കറ്റുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സിനിമാ തിയേറ്ററുകളിലുമടക്കം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇടയ്ക്കിടെ പരിശോധന നടത്തണം. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണകേന്ദ്രങ്ങളിലും പരിശോധന നടത്തണമെന്നുമാണ് നിര്‍ദേശം.