ഗാന്ധി ഗ്രാമം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദളിത് കോൺക്ലേവ്
Saturday, March 15, 2025 12:00 AM IST
തിരുവനന്തപുരം: ഗാന്ധി ഗ്രാമം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദളിത് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 23ന് തിരുവനന്തപുരത്താണ് കോൺക്ലേവ്. സ്വാതന്ത്ര്യത്തിന്റെ അമൃത വർഷത്തിലും രാജ്യത്തെ ദളിത് ആദിവാസി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
രാജ്യത്ത് 25 കോടിയോളം വരുന്ന ദളിത് ജനങ്ങൾ ഇന്നും പാർശ്വവത്കരിക്കപ്പെട്ട് പിന്തള്ളപ്പെടുകയാണ്. ഇതിനെതിരേ ശക്തമായ ദളിത് മുന്നേറ്റം ലക്ഷ്യമിട്ടാണ് കോൺക്ലേവ് നടത്താൻ ഗാന്ധിഗ്രാമം ഫൗണ്ടേഷൻ തീരുമാനിച്ചത്.
കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി, ദളിത് മുന്നേറ്റം ലക്ഷ്യംവച്ച് വിവിധ രാഷ്ട്രീയ നേതാക്കളെയും ദളിത് ആദിവാസി മുന്നേറ്റ നായകരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് കോൺക്ലേവ് നടത്തുന്നത്.
23ന് രാവിലെ 9.30നു ചേരുന്ന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രകാശ് യശ്വന്ത് അംബേദ്കർ, ടി. തിരുമാവളവൻ എംപി തുടങ്ങിയവർ പ്രസംഗിക്കും. ലോക്സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷിനെ ഗവർണർ ആദരിക്കും.
വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി മൂന്ന് സെഷനുകളായിട്ടാണ് കോൺക്ലേവ്. ഉച്ചകഴിഞ്ഞ് 3.30ന് സമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി മുകുൾ വാസ്നിക് അധ്യക്ഷത വഹിക്കും. മന്ത്രി ഒ.ആർ. കേളു സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഡോ. ശശി തരൂർ എംപി, മഹാരാഷ്ട്ര മുൻ മന്ത്രി നിതിൻ റാവത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ജിഗ്നേഷ് മേവാനി, മുൻ മന്ത്രി പന്തളം സുധാകരൻ, കോവൂർ കുഞ്ഞുമോൻ എംഎൽഎ, മുൻ എംപി കെ. സോമപ്രസാദ്, ഐസി ബാലകൃഷ്ണൻ എംഎൽഎ, ബ്രയ്ത് വെയ്റ്റ് കമ്പനി ഡയറക്ടർ പി. സുധീർ തുടങ്ങിയവർ പ്രസംഗിക്കും. പദ്മ അവാർഡ് ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെ ആദരിക്കും.