പന്നിപ്പടക്കം പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്
Saturday, March 15, 2025 1:49 AM IST
ഇരിട്ടി: പായം പഞ്ചായത്തിലെ വിളമന ആയിരക്കളത്ത് തൊഴിലുറപ്പ്ജോലിക്കിടയിൽ പന്നിപ്പടക്കം പൊട്ടി തൊഴിലുറപ്പ് തൊഴിലാളിക്കു ഗുരുതരമായി പരിക്കേറ്റു.
ആയിരക്കളത്തെ വമ്പേരി വി.വി. രോഹിണിക്കാണ് (65) പരിക്കേറ്റത്. സ്ഫോടനത്തിൽ നെറ്റിയിലും മുഖത്തും നെഞ്ചിലും കാലിലും ആഴത്തിൽ മുറിവേറ്റ രോഹിണിയെ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3. 45ഓടെയാണു സ്ഫോടനം നടന്നത്.
വിളമന പുതിയോളങ്ങര- ആയിരക്കളം തോട് വൃത്തിയാക്കുന്നതിനിടയിലായിരുന്നു സ്ഫോടനം. തോടരികിലെ കാട് വെട്ടിത്തെളിച്ച ശേഷം കാടും കരികിലയും വാക്കത്തികൊണ്ടു തട്ടി മാറ്റുന്നതിനിടയിൽ തോട്ടിൽ കണ്ട പ്ലാസ്റ്റിക്ക് ചാക്ക് വാക്കത്തിക്കൊണ്ട് വലിച്ചു മാറ്റുന്നതിനിടെയാണ് ഉഗ്രസ്ഫോടനം ഉണ്ടായതെന്ന് സഹതൊഴിലാളികൾ പറഞ്ഞു.
ജനവാസ മേഖലയിലെ കൃഷി ഭൂമിക്കിടയിലൂടെയാണ് തോട് കടന്നുപോകുന്നത്. സ്ഫോടന സമയത്ത് 24 ഓളം തൊഴിലാളികൾ തോടിന്റെ ഇരുവശങ്ങളിലുമായി ജോലിചെയ്യുന്നുണ്ടായിരുന്നു.
സ്ഫോടനത്തെത്തുടർന്നുണ്ടായ പുക കാരണം എന്താണ് സംഭവിച്ചതെന്ന് അറിയാതെ എല്ലാവരും ഭയന്നു പോയി. സ്ത്രീ തൊഴിലാളികൾ ചേർന്ന് രോഹിണിയെ ആശുപത്രിയിൽ എത്തിച്ചു.
തോട്ടിൽ ഉപേക്ഷിച്ചിരുന്നത് മൂന്നു പന്നിപ്പടക്കങ്ങൾ
തോട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ സൂക്ഷിച്ചിരുന്നത് പൊട്ടിയത് ഉൾപ്പെടെ മൂന്നു പന്നിപ്പടക്കങ്ങൾ.
തോട്ടിലെ വള്ളിപ്പടർപ്പുകൾക്കിടയിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. രണ്ടു പന്നിപ്പടക്കങ്ങൾകൂടി പൊട്ടാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ പൊട്ടാതെ കിടന്ന രണ്ട് പന്നിപ്പടക്കങ്ങൾ കസ്റ്റഡിയിലെടുത്തു.
പടക്കങ്ങൾക്ക് പഴക്കമുണ്ടെന്നും ചെളി പിടിച്ചനിലയിലായിരുന്നുവെന്നും സംഭവത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും ഇരിട്ടി പോലീസ് പറഞ്ഞു.