സംസ്ഥാനത്തെ കൊലപാതകങ്ങളിൽ പകുതിയും ലഹരിയുമായി ബന്ധപ്പെട്ട്
Saturday, March 15, 2025 1:49 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: ഇക്കൊല്ലം സംസ്ഥാനത്ത് നടന്ന 63 കൊലപാതകങ്ങളില്‍ 30 എണ്ണവും മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട്. മയക്കുമരുന്ന് ഉപയോഗമോ ഉപയോഗത്തിനിടെയിലെ സംഘര്‍ഷമോ ആണ് കൃത്യത്തിലേക്കു നയിച്ചതെന്ന് സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ രേഖകള്‍ വ്യക്തമാക്കുന്നു.
കഞ്ചാവ്, മയക്കുമരുന്ന്, രാസലഹരി ഉപയോഗത്തില്‍ സംസ്ഥാനത്ത് വന്‍വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കോവിഡ് ലോക് ഡൗണിനുശേഷമാണു രാസലഹരി മാഫിയ പിടിമുറക്കിയതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലൈസര്‍ജിക് ആസിഡ് ഡൈതൈലാമൈഡ് (എല്‍എസ്ഡി), മെത്തിലീന്‍ ഡയോക്സി മെതാംഫെറ്റാമൈന് (എംഡിഎംഎ) എന്നിവയുടെ ഉപയോഗം യുവജനങ്ങളില്‍ വര്‍ധിച്ചു. കൊക്കെയ്ന്‍, ഹെറോയിന്‍, ഹാഷിഷ് ഉപയോഗവും പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് കേസുകളേറെയും എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) ആക്ടിന് കീഴില്‍ സംസസ്ഥാനത്ത് 2020ല്‍ 4968 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ വര്‍ഷം ജനുവരിയില്‍ മാത്രം രണ്ടായിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്ന് കേസുകളില്‍ ഗണ്യമായ വര്‍ധനയാണ് സമീപ വര്‍ഷങ്ങളില്‍ ഉണ്ടായത്. 2021ല്‍ 5695, 2022ല്‍ 26,619, 2023ല്‍ 30,697, 2024ല്‍ 27,530 എന്ന തോതില്‍ കേസുകളുടെ എണ്ണം ഉയര്‍ന്നു.
2023 ജനുവരി ഒന്നിനും 2024 ജൂണ്‍ ഒന്നിനും ഇടയില്‍ എറണാകുളത്ത് 8,567 എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
5906 കേസുകളുമായി മലപ്പുറവും 5385 കേസുകളുമായി കോഴിക്കോടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. യുവാക്കളിലെ മയക്കുമരുന്ന് ഉപയോഗം 80 ശതമാനവും കഞ്ചാവുമായി ബന്ധപ്പെട്ടതാണ്. ഇവരില്‍ 75 ശതമാനം പേര് മുന്‍പ് സിഗരറ്റ് വലിച്ചിരുന്നവരാണെന്നാണു കണ്ടെത്തല്‍.
കൊച്ചി കേന്ദീകരിച്ച് ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍നിന്നു വിദേശ മയക്കുമരുന്നകള്‍ എത്തുന്നുണ്ട്. ഒഡീഷ, ആസാം എന്നിവിടങ്ങളില്‍നിന്ന് അതിഥി തൊഴിലാളികളെന്ന വ്യാജേന വന്‍തോതിലാണു കഞ്ചാവ് കടത്തുന്നത്. ബംഗളുരുവില്‍നിന്നാണ് എംഡിഎംഎയുടെ വരവേറെയും.