ജിഎസ്ടി വകുപ്പിനു പ്രത്യേക സ്ഥലംമാറ്റ മാനദണ്ഡം; കോടതി ഉത്തരവ് അട്ടിമറിക്കാനെന്ന് ആരോപണം
Saturday, March 15, 2025 12:00 AM IST
തിരുവനന്തപുരം: ചരക്കു സേവനനികുതി വകുപ്പിനു മാത്രമായി പ്രത്യേക സ്ഥലംമാറ്റ മാനദണ്ഡം രൂപീകരിക്കാൻ നീക്കം. കേന്ദ്ര ജിഎസ്ടി-കസ്റ്റംസ് വകുപ്പുകളിൽനിന്ന് ഡപ്യൂട്ടേഷനിൽ ജിഎസ്ടി വകുപ്പുകളിൽ എത്തിയ ഉദ്യോഗസ്ഥരുടെ അതേ മാതൃകയിലുള്ള സ്ഥലംമാറ്റ മാനദണ്ഡം സംസ്ഥാന ജീവനക്കാർക്കും തയാറാക്കിയതെന്നാണ് കരടു നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റം നടപ്പാക്കുന്ന പൊതുഭരണ വകുപ്പിന്റെ 2017ലെ ഉത്തരവിന് വിധേയമായി സ്പാർക് അധിഷ്ഠിത ഓണ്‍ലൈൻ സ്ഥലംമാറ്റം ജിഎസ്ടി വകുപ്പ് ജീവനക്കാർക്കും മാർച്ച് 31നകം നടപ്പാക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
വകുപ്പിലെ തോന്നുംപടി സ്ഥലം മാറ്റങ്ങൾക്കെതിരേ ഒരു വിഭാഗം ജീവനക്കാർ കോടതിയെ സമീപിച്ചതോടെയാണ് അനാവശ്യ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയുള്ള സ്ഥലംമാറ്റങ്ങൾക്ക് അറുതി വരുത്തി ഉത്തരവിട്ടത്.
ഓണ്‍ലൈൻ വഴി ജീവനക്കാരുടെ സ്ഥലംമാറ്റ നടപടി പൂർത്തീകരിക്കാൻ കോടതി നൽകിയ സമയ പരിധി മാർച്ച് 31ന് അവസാനിക്കാനിരിക്കേയാണ് ജിഎസ്ടി വകുപ്പിനു മാത്രമായി പ്രത്യേക ട്രാൻസ്ഫർ പോളിസി ഏർപ്പെടുത്താൻ ഒരുങ്ങുന്നതെന്നാണ് ആരോപണം.
കേന്ദ്ര ഡെപ്യൂട്ടേഷനിൽ എത്തിയ ഉന്നത ഉദ്യോഗസ്ഥന്റെ നിർബന്ധത്തിന് വഴങ്ങി കേന്ദ്ര ജിഎസ്ടി കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇറക്കിയ ട്രാൻസ്ഫർ പോളിസി കേന്ദ്ര ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ പോളിസി അതേപടി പകർത്തിയതാണെന്ന ആരോപണമാണ് ജീവനക്കാർ ഉയർത്തുന്നത്.
ഇത്തരമൊരു പോളിസി സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുന്നതിനും തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാത്ത ജീവനക്കാരെ അകാരണമായി സ്ഥലം മാറ്റാൻ അധികാരം നൽകുന്നതുമാണെന്ന ആരോപണവും ഉയരുന്നു. ഉദ്യോഗസ്ഥരുടെ മികവു കണ്ടെത്തുന്നതു ഭരണാനുകൂല സംഘടനകളുടെ പ്രതിനിധി ചേർന്നാണ് എന്നതുതന്നെ ഇതിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നതാണെന്ന ആരോപണവുമുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്റലിജൻസ് വിഭാഗം റെയ്ഡുകൾ നടത്തിയെങ്കിലും ഖജനാവിലേക്ക് ആനുപാതികമായി നികുതി എത്തിയില്ലെന്ന പരാതിയുമുണ്ട്. അനഭിമതരായവർ ഇന്റലിജൻസിലും എൻഫോഴ്സ്മെന്റിലും വന്നാൽ പ്രശ്നമാകുമോ എന്നു കരുതിയാണ് ഒഴിവാക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.