പോലീസ് പരിശോധന ഒരു മാസത്തെ നിരീക്ഷണശേഷം
Saturday, March 15, 2025 1:49 AM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നടന്ന പോലീസ് പരിശോധന ഒരുമാസം നീണ്ട നിരീക്ഷണങ്ങള്‍ക്കുശേഷം.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കോളജും ഹോസ്റ്റലും കഴിഞ്ഞ ഒരുമാസമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മിന്നല്‍ പരിശോധന നടത്തിയത്. മതിയായ മുന്നൊരുക്കങ്ങള്‍ക്കു ശേഷമായിരുന്നു പോലീസിന്റെ നീക്കം.
കോളജിലും ഹോസ്റ്റലിലുമായി വന്നുപോകുന്നവരെയും പൂര്‍വവിദ്യാര്‍ഥികളെയും പോലീസ് നിരീക്ഷിച്ചുവരികയാണ്. ഹോസ്റ്റലില്‍ പൂര്‍വവിദ്യാര്‍ഥികള്‍ എത്തിയിരുന്നതായി കണ്ടെത്തി. കഞ്ചാവ് പിടികൂടിയ സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപക പരിശോധനയ്ക്കു തയാറെടുക്കുകയാണ് പോലീസ്.
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുടക്കമാകുക. നഗരത്തിലടക്കം വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ഹോസ്റ്റല്‍, പൊതുസ്ഥലങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന് തൃക്കാക്കര എസിപി പി.വി. ബേബി പറഞ്ഞു.