ഏത് അന്വേഷണവും നേരിടാൻ തയാർ: കെ. രാധാകൃഷ്ണൻ എംപി
Saturday, March 15, 2025 12:00 AM IST
തൃശൂർ: ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് കരുവന്നൂർ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡിയുടെ നോട്ടീസ് ലഭിച്ച കെ. രാധാകൃഷ്ണൻ എംപി. പാർലമെന്റ് സമ്മേളനം കഴിയുന്നതുവരെ ഹാജരാകാൻ സാധിക്കില്ലെന്ന് ഇഡിയെ അറിയിച്ചിരുന്നു.
സമൻസിൽ ഏതു കേസാണെന്നു വ്യക്തമാക്കിയിട്ടില്ലെന്നും സ്വത്തുസന്പാദനം സംബന്ധിച്ച രേഖകൾ ഹാജരാക്കാനാണു നോട്ടീസിൽ പറഞ്ഞിട്ടുള്ളതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
ഇഡിയുടെ സമൻസിനു പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമുണ്ട്. ഇഡിയെ ഭയപ്പെടേണ്ട കാര്യമില്ല, ഏതന്വേഷണവും നേരിടാം. ദേശീയതലത്തിൽത്തന്നെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ബിജെപിയുടെ ശ്രമമാണു നടക്കുന്നത്.
ഡൽഹിയിൽനിന്ന് ഇന്നലെയാണ് എത്തിയത്. വൈകുന്നേരമാണ് നോട്ടീസ് വന്ന കാര്യം അറിയുന്നത്. ഇന്നലെ ഹാജരാകണം എന്നായിരുന്നു നോട്ടീസിൽ ഉണ്ടായിരുന്നത്. മറുപടി നൽകിയിട്ടുണ്ട്.പാർലമെന്റ് കഴിയുന്നതുവരെ ഹാജരാകാൻ കഴിയില്ല എന്ന് ചൂണ്ടിക്കാട്ടി കത്തു നൽകിയെന്നും എംപി വ്യക്തമാക്കി.