ഓർശ്ലെമിൻ പുത്രിമാരേ...
Saturday, March 15, 2025 1:49 AM IST
ഷിജി ജോൺസൺ
ഭാരമേറിയ കുരിശുമേന്തി, തളരാൻ ഒരിഞ്ചുപോലും ബാക്കിയില്ലാത്ത ശരീരവുമായി ജറുസലേം വീഥികളിലൂടെ ക്രിസ്തുവിന്റെ കുരിശുയാത്ര നീങ്ങുന്നു. ആ കാഴ്ച കണ്ടു പാതയ്ക്കിരുപുറവുമായി തടിച്ചുകൂടിയ സ്ത്രീകളിൽനിന്നുയരുന്ന ചീന്തിയ നിലവിളികൾ... ഒരു നിമിഷം തിരിഞ്ഞുനിന്ന് അവൻ അവരെ നോക്കിപ്പറഞ്ഞു "ജറുസലേം പുത്രിമാരേ, നിങ്ങൾ എന്നെയോർത്തു വിലപിക്കേണ്ടാ, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ...'
യേശുക്രിസ്തുവിന്റെ സഹനം ദൈവിക രക്ഷാകര പദ്ധതിയുടെ ഭാഗമായിരുന്നു. സ്വമേധയാ സ്വീകരിച്ച പാനപാത്രമായിരുന്നു. അതുകൊണ്ടുതന്നെ അവന് അന്നു കാഴ്ചക്കാരുടെ കണ്ണീരോ സഹതാപമോ ആവശ്യമുണ്ടായിരുന്നില്ല -ഇന്ന് നമ്മുടെയും.
ഓരോ നോന്പുകാലത്തും നാം കരയേണ്ടത് കർത്താവിന്റെ സഹനങ്ങളെ ഓർത്തല്ല,അവന്റെ സഹനങ്ങൾക്കു കാരണമായ നമ്മുടെ പാപങ്ങളെ ഓർത്താണ്. നാം പിന്തുടരുന്ന ഉത്തരവാദിത്വരഹിതവും പാപകരവുമായ ജീവിതത്തെ ഓർത്താണ്. ദൈവതിരുമുൻപിൽ നാം ബോധിപ്പിക്കേണ്ടി വരുന്ന കണക്കിനെ ഓർത്താണ്. ദൈവകോപത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ പഴുതില്ലാതെ, പർവതങ്ങളെ ഞങ്ങളെ മൂടുവിൻ എന്നു നിലവിളിക്കേണ്ടി വരുന്ന ദിനങ്ങളെ ഓർത്താണ്.
നമ്മെ കാത്തിരിക്കുന്നത്
ലോകത്തിന്റെ വെല്ലുവിളികളും സാത്താന്റെ ചതിക്കുഴികളും വിശ്വാസത്തിന്റെ അടിത്തറയിളക്കുന്ന പ്രത്യയശാസ്ത്രങ്ങളും സ്വത്വം ചോദ്യം ചെയ്യുന്ന ഭരണാധികാരികളും നമ്മെ കാത്തിരിക്കുന്നു, നമ്മുടെ മക്കളെ കാത്തിരിക്കുന്നു. മാതാപിതാക്കളുടെയൊക്കെ ഉള്ളു പൊള്ളിക്കേണ്ട വചനഭാഗമാണിത്. ആത്മഹത്യ ഉൾപ്പെടെ കുട്ടികളുടെ കുറെയധികം പ്രശ്നങ്ങളുടെ ഉത്തരവാദികൾ നമ്മൾ മുതിർന്നവരാണ്. അറിഞ്ഞോ അറിയാതെയോ അവർ കണ്ടുവളരുന്ന കാഴ്ചകളാണ്. മാതാപിതാക്കൾ ഉത്തരവാദിത്വം മറക്കുന്ന ഇക്കാലത്ത് നമ്മുടെ ചില കുടുംബങ്ങളെങ്കിലും ഭീകരതകളെ ഭംഗിയായി ഒളിപ്പിക്കുന്ന ഇടമാകുന്നില്ലേ എന്നു ചിന്തിക്കണം.
വിഡിയോ ഗെയിമുകളിൽ ആണ്ടുമുങ്ങി കിളി പോയവരും സാമൂഹിക ജീവിതം പാടേ ഒഴിവാക്കി ഒറ്റപ്പെട്ടു ജീവിക്കുന്നവരും അക്രമാസക്തമായ സിനിമകൾ കണ്ടു കഥാപാത്രങ്ങളെ അനുകരിക്കുന്നവരും നേർവഴിയിലേക്കു കൈ ചൂണ്ടുന്ന അധ്യാപകരെ തന്തവൈബും തള്ളവൈബുമായി ആക്ഷേപിക്കുന്നവരുമായ കുട്ടിത്തങ്ങൾ നമ്മുടെ ചില വീടുകളുടെ അകത്തളങ്ങളിലും ഇല്ലേ? ലഹരിക്കടിപ്പെട്ട് മനോനില തകരാറിലായി ഉറ്റവരുടെ ജീവനെടുക്കുന്ന യുവതലമുറയും നമ്മുടെ മുന്നിലല്ലേ?
കണ്ണടയ്ക്കരുത്
മക്കൾ സ്നേഹത്തിന്റെ ധൃതരാഷ്ട്രാന്ധത നിറഞ്ഞ ഇന്നത്തെ ലോകത്തിൽ അവരുടെ തെറ്റുകൾക്കു നേരേ നാം കണ്ണടയ്ക്കുന്പോൾ, അവരുടെ തെറ്റുകളെ ശരികളാക്കാൻ കൂട്ടുനിൽക്കുന്പോൾ കർതൃവചനം നമ്മുടെ ഉള്ളിൽ തറയ്ക്കണം "എന്നെയോർത്തല്ല, നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ'.
"എത്ര നിർവികാരമീപ്പുതുതലമുറ' എന്നാവർത്തിക്കുന്പോൾ ഓർക്കുക, കരയുന്നവന്റെ കണ്ണീരൊപ്പാനോ വിശക്കുന്നവനെ ചേർത്തുപിടിക്കാനോ വീഴുന്നവന് താങ്ങാകാനോ ഉള്ള പരക്ലേശ വിവേകത്തിന്റെ പാഠങ്ങൾ നാം അവരെ പരിശീലിപ്പിച്ചിട്ടുണ്ടോ? മാതൃക കാട്ടിയിട്ടുണ്ടോ? കർത്താവിന്റെ സഹനം ദുഃഖവെള്ളിയാഴ്ച അവസാനിക്കും- നമ്മുടേതോ?