സംഘപരിവാർ വർഗീയ ധ്രുവീകരണം രാജ്യത്തെ അർബുദം: തുഷാർ ഗാന്ധി
Saturday, March 15, 2025 1:49 AM IST
കൊച്ചി: സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണം രാജ്യത്തെ കാർന്നുതിന്നുന്ന അർബുദമെന്ന് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ വൈദേശിക ശക്തികൾക്കെതിരേ പോരാടിയതുപോലെ സംഘപരിവാറിന്റെ വർഗീയതയ്ക്കെതിരേ രാജ്യം ഉണരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാത്മാഗാന്ധിയുടെ ആലുവ സന്ദർശന ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും സബർമതി പഠന-ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഗാന്ധിമാവിൻചുവട്ടിലെ ഒരു നൂറ്റാണ്ട്’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി അന്ന് ബ്രിട്ടീഷുകാർക്കെതിരേ മാത്രമല്ല, രാജ്യത്തിനകത്തെ സാമൂഹിക വിപത്തുകൾക്കെതിരേയും പോരാടി. വർഗീയ ലഹളകളെ ചെറുത്തുതോൽപ്പിക്കാൻ ഗാന്ധിജിക്കു കഴിഞ്ഞത് അതുകൊണ്ടാണ്.
ഗാന്ധിജി പകരുന്ന വെളിച്ചത്തിൽ ഇരുട്ടിന്റെ പ്രത്യയശാസ്ത്രമായ സംഘപരിവാറിന് നിലനിൽക്കാനാകാത്തതുകൊണ്ടാണ് അവർ അദ്ദേഹത്തെ കൊന്നത്.
പക്ഷേ ഗാന്ധി എന്ന ആശയം അതോടെ പലയിരട്ടി ശക്തിയോടെ പടർന്നുവളർന്നു. ഗാന്ധിമാർഗത്തിനാണു സ്ഥായിയായ വിജയമെന്ന് ഇന്ന് ലോകം മുഴുവൻ അംഗീകരിക്കുന്നുണ്ടെന്നും തുഷാർ ഗാന്ധി പറഞ്ഞു.
ആലുവ യുസി കോളജിൽ നൂറു വർഷങ്ങൾക്കുമുമ്പ് മഹാത്മാഗാന്ധി നട്ട ‘ഗാന്ധിമാവിന്റെ’ചുവട്ടിലായിരുന്നു പരിപാടി.